-->
ഒരു പാവയും താങ്ങിപ്പിടിച്ച് ഒറ്റയ്ക്കിരിക്കുന്ന പഞ്ചിനെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല. ലോകമനസ്സുകളെ ഒന്നടങ്കം കരയിച്ചുകൊണ്ടാണ് പഞ്ച് എന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങള്‍ വൈറലായത്. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്.
ജന്മം നല്‍കിയ അമ്മയും കൂട്ടരും അകറ്റിനിര്‍ത്തിയപ്പോഴാണ് ആ കുഞ്ഞിക്കുരങ്ങനെ ലോകം കണ്ടത്. സ്‌നേഹം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട പഞ്ചിന് എല്ലാമായിരുന്നത് തന്റെ പാവ തന്നെയായിരുന്നു. മറ്റു കുരങ്ങുകള്‍ അക്രമിക്കുന്നതും മാറിപ്പോകുന്നതുമെല്ലാം പഞ്ചിനെ ഏറെ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. കൂട്ടിനെത്തിയ പാവയുടെ മേല്‍ തലവച്ചുറങ്ങുന്ന പഞ്ച് എല്ലാവരെയും കരയിച്ചു. തന്നെക്കാള്‍ വലിയ പാവയെ വലിച്ചുകൊണ്ട് പോകുന്ന, ഊണിലും ഉറക്കത്തിലും അതിനെ കെട്ടിപ്പിടിച്ചിരുന്ന കുഞ്ഞിക്കുരങ്ങനെ കണ്ട് പലര്‍ക്കും തങ്ങളുടെ കരച്ചിലടക്കാനായില്ല.
എന്നാല്‍ ഇന്ന് പഞ്ച് ഒറ്റയ്ക്കല്ല. കോടിക്കണക്കിനു മനുഷ്യരുടെ സ്‌നേഹം പഞ്ചിനു കൂട്ടുണ്ട്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലേക്ക് പഞ്ചിനെ കാണാന്‍ എത്തുന്നവരുടെ തിരക്ക് ഇതുവരെയും കുറഞ്ഞിട്ടില്ല. പഞ്ചും അവന്റെ ഓറാങ്ങുട്ടാന്‍ പാവയും, പ്രിയപ്പെട്ട പരിപാലകരുടെയും വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ പഞ്ചിനെ ഒറ്റയ്ക്കു വിടാതെ, അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരിയുടെയും ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുയാണ് സോഷ്യല്‍ മീഡിയ.