-->
ടെഹ്‌റാന്‍: ജൂണില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍നിന്നു പിന്മാറാനുള്ള ഇറാന്റെ തീരുമാനത്തില്‍ മാറ്റം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് 2026 ലെ ഫിഫ ലോകകപ്പ്.
തങ്ങള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യു.എസിലേക്കു പോകില്ലെന്നും മെക്‌സിക്കോയില്‍ കളിക്കാന്‍ തയാറെണന്നെും ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മെഹ്‌ദി താജ് പറഞ്ഞു. ഫിഫ ഇറാന്റെ നിര്‍ദേശം തള്ളിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണു മത്സരങ്ങള്‍. ഇറാന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും യു.എസിലാണ്. മത്സരങ്ങള്‍ മെക്‌സിക്കോയിലേക്കു മാറ്റാന്‍ ഫിഫയുമായി ചര്‍ച്ച ചെയ്യുമെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്‌തമാക്കി. ഇറാന്‍ 27 നു നടക്കുന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയയെയും നാല് ദിവസങ്ങള്‍ക്കു ശേഷം കോസ്‌റ്റാറിക്കയെയും നേരിടും. അന്റാലിയയിലാണു ചതുര്‍ രാഷ്‌ട്ര ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റ്. ഇറാന്‍ ടീം നിലവില്‍ തുര്‍ക്കിയില്‍ പരിശീലനത്തിലാണ്. അമേരിക്കയുമായും ഇസ്രായേലുമായുള്ള കടുത്ത രാഷ്ര്‌ടീയ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇറാന്‍ ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.
അയത്തൊള്ള ഖമേനിയുടെ കൊലപാതകത്തിലേക്ക് നയിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഇറാന്‍ കായിക മന്ത്രി അഹമ്മദ് ഡോഞ്ചമാലിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട യുദ്ധങ്ങളുടെ പശ്‌ചാത്തലത്തില്‍ അമേരിക്കയില്‍ പോയി കളിക്കാന്‍ ഇറാന്‍ ടീമിന് കഴിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇറാന്‍ ടീമിനെ ലോകകപ്പ് വേദിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പു നല്‍കിയിരുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചിരുന്നു. ഇറാന് പകരക്കാരായി പ്ലേ ഓഫില്‍ തോല്‍ക്കുകയാണെങ്കില്‍ ഇറ്റലിയെയോ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലെ ഇറാഖിനെയോ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.