-->
ജയ്‌പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്‍ ചാമ്പ്യന്‍ രാജസ്‌ഥാന്‍ റോയല്‍സിന് തിരിച്ചടി. പരുക്കിന്റെ പിടിയിലായ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കുറാന്‍ സീസണില്‍ കളിക്കാനിടയില്ലെന്നാണു സൂചന. അടിവയറ്റിനേറ്റ പരുക്കാണു സാം കുറാനു തിരിച്ചടി.
ഇന്ത്യക്കെതിരേ കഴിഞ്ഞ അഞ്ചിനു നടന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ താരം കളിച്ചിരുന്നു. 27 വയസുകാരനായ കുറാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനു പകരമാണ് സൂപ്പര്‍ കിങ്‌സ് സാം കുറാനെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും രാജസ്‌ഥാന്‍ റോയല്‍സിനു കൈമാറിയത്. സഞ്‌ജു ട്വന്റി20 ലോകകപ്പിലെ താരമായിരുന്നു.
2019 ല്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് സാം കുറാന്‍ ആദ്യമായി ഐ.പി.എല്ലില്‍ കളിക്കുന്നത്. 2020, 2021 സീസണില്‍ സി.എസ്.കെയ്‌ക്കായി കളിച്ചു. 2023 ല്‍ 18.5 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്‌സ് ക്യാമ്പില്‍ തിരിച്ചെത്തിച്ചു. 2025ല്‍ 2.4 കോടി രൂപയ്‌ക്ക് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. അഞ്ച് കളികളിലായി 114 റണ്ണെടുത്ത കുറാന്‍ ഒരു വിക്കറ്റ് മാത്രമാണു വീഴ്‌ത്തിയത്.