Friday, March 20, 2026 Last Updated 25 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.40 PM

900 റെക്കോഡ്‌ ലയണല്‍ മെസിക്കു സ്വന്തം.

uploads/news/2026/03/831183/sp1.jpg

ഫ്‌ളോറിഡ: ലോക ഫുട്‌ബാള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോളുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ്‌ ലയണല്‍ മെസിക്കു സ്വന്തം. കോണ്‍കാകാഫ്‌ ചാമ്പ്യന്‍സ്‌ കപ്പ്‌ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നാഷ്‌വില്‍ എസ്‌.സിക്കെതിരേ ഗോളടിച്ചതോടെയാണ്‌ മെസി 900 കടന്നത്‌്.
സ്വന്തം തട്ടകമായ ചേസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 38-ാം വയസിലും വിസ്‌മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസി, 2023 ജൂണില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന ശേഷം ഇതുവരെ 92 മത്സരങ്ങളില്‍നിന്ന്‌ 81 ഗോളുകളടിച്ചു. മയാമിയെ ലീഗ്‌ കപ്പ്‌, എം.എല്‍.എസ്‌. കപ്പ്‌ കിരീടങ്ങളിലേക്ക്‌ നയിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
സ്‌പാനിഷ്‌ ലാ ലിഗ ക്ലബ്‌ ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍നിന്ന്‌ 672 ഗോളുകള്‍, ഫ്രഞ്ച്‌ ലീഗ്‌ വണ്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നായി 75 മത്സരങ്ങളില്‍നിന്നു 32 ഗോളുകള്‍. ഇന്റര്‍ മയാമിക്കായി 81 ഗോളുകള്‍ എന്നിങ്ങനെയാണ്‌ക്ല ബ്‌ ഫുട്‌ബോളില്‍ മെസിയുടെ ഗോള്‍ വേട്ടയുടെ കണക്കുകള്‍. അര്‍ജന്റീനക്കായി രാജ്യാന്തര ഫുട്‌ബോളില്‍ 196 കളികളിലായി 115 ഗോളുകളുമടിച്ചു. സൂപ്പര്‍ താരത്തിന്റെ 755 ഗോളുകള്‍ ഇടംകാലനടിയിലൂടെയായിരുന്നു. വലംകാല്‌ കൊണ്ട്‌ 111 ഗോളുകളടിച്ചു. 30 ഗോളുകളാണു താരം ഹെഡറിലൂടെ അടിച്ചിട്ടത്‌. പെനാല്‍റ്റിയില്‍ നിന്നും 112 ഗോളുകളും ഫ്രീ കിക്കിലൂടെ 70 ഗോളുകളും കുറിച്ചു. സ്‌പാനിഷ്‌ ക്ലബുകളായ സെവിയ (25), അത്‌ലറ്റികോ ബില്‍ബാവോ(24), അത്‌ലറ്റിക്കോ മാഡ്രിഡ്‌ (23) ടീമുകള്‍ക്കെതിരെയാണ്‌.
എട്ട്‌ തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. രണ്ടുവട്ടം രാജ്യത്തിന്‌ കോപ അമേരിക്ക കിരീടവും നേടിക്കൊടുത്തു. പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മെസിക്കു മുന്നേ 900 കരിയര്‍ ഗോളുകള്‍ തികച്ചിരുന്നു. സൗദി പ്രോ ലീഗ്‌ ക്ലബ്‌ അല്‍ നസറിന്റെ താരമായ ക്രിസ്‌റ്റ്യാനോ 2024 സെപ്‌റ്റംബറിലാണു ചരിത്ര നേട്ടം കുറിച്ചത്‌. 1,236 മത്സരങ്ങളില്‍ നിന്നാണ്‌ ക്രിസ്‌റ്റ്യാനോ റെണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്‌. 41 വയസുകാരനായ താരം നിലവില്‍ 959 ഗോളുകളുമായി പട്ടികയില്‍ ഒന്നാമതാണ്‌. ബ്രസീല്‍ ഇതിഹാസം പെലെ (778 ഔദ്യോഗിക ഗോളുകള്‍), റൊമാരിയോ (785 ഗോളുകള്‍) എന്നിവരാണ്‌ മെസിക്കും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും പിന്നിലുള്ള പ്രമുഖര്‍.
നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍ വേട്ടയില്‍ മൂന്നാം സ്‌ഥാനത്തുള്ളത്‌ ബാഴ്‌സലോണയുടെ പോളണ്ടുകാരന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കിയാണ്‌. 747 ഗോളുകളാണു ലെവന്‍ഡോസ്‌കി ഇതുവരെ നേടിയത്‌. 2005 മേയിലാണു മെസിയുടെ കരിയര്‍ തുടങ്ങുന്നത്‌. ബാഴ്‌സലോണയ്‌ക്കായി അല്‍ബാസ്‌റ്റെയ്‌ക്കെതിരേ പകരക്കാരനായിറങ്ങിയാണ്‌ കരിയറിലെ ആദ്യ ഗോളടിച്ചത്‌. ബാഴ്‌സയ്‌ക്കായി 17 സീസണുകളിലായി 778 കളികളില്‍നിന്ന്‌ 672 ഗോളുകളടിച്ചു. പി.എസ്‌.ജിക്കായി കളിച്ച രണ്ട്‌ സീസണുകളില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 75 കളികളില്‍നിന്നു 32 ഗോളുകളടിച്ച ശേഷമാണു യു.എസിലേക്കു കുടിയേറിയത്‌. ഫ്രാങ്ക്‌ റൈകാഡിനു കീഴിലാണു മെസി കരിയര്‍ ആരംഭിക്കുന്നത്‌.
17-ാം വയസില്‍ ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ കളിച്ച മെസിക്ക്‌ ഒന്‍പത്‌ മത്സരങ്ങളില്‍നിന്നു ഒരു ഗോള്‍ മാത്രമാണ്‌ അടിക്കാനായത്‌. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയാണു മെസിയുടെ ആദ്യ ഗോളിനു വഴിയായത്‌. 2006 മാര്‍ച്ചില്‍ അര്‍ജന്റീനയ്‌ക്കായി അരങ്ങേറി. ക്ര?യേഷ്യക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന തോറ്റു. 2005-06 സീസണില്‍ മെസിയുടെ ഗോള്‍ നേട്ടം രണ്ടക്കത്തിലെത്തി. 2011-12 സീസണില്‍ ആകെ 82 ഗോളുകളടിച്ചു. നാഷ്‌വിലെയ്‌ക്കെതിരേ മെസി ഗോളടിച്ചെങ്കിലും ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നാഷ്‌വിലെയ്‌ക്കായി 74-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യന്‍ എസ്‌പിനോസ സമനില നില ഗോളടിച്ചു. അതോടെ ഇരുടീമുകളും അഗ്രഗേറ്റില്‍ 1-1 ന്‌ ഒപ്പമായി. നാഷ്‌ലിലെയുടെ തട്ടകത്തില്‍ നടന്ന ഒന്നാംപാദം ഗോള്‍രഹിത സമനിലയായിരുന്നു. എവേ ഗോളിന്റെ അടിസ്‌ഥാനത്തിലാണു നാഷ്‌വിലെയുടെ മുന്നേറ്റം.

Ads by Google
Thursday 19 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW