Friday, March 20, 2026 Last Updated 25 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.40 PM

വണ്ടര്‍ ബോയ്‌

uploads/news/2026/03/831184/sp2.jpg

സൂറിച്ച്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാണാനിരിക്കുന്നതു വമ്പന്‍ പോരാട്ടങ്ങള്‍. സ്‌പോര്‍ട്ടിങ്‌ സി.പി. ആഴ്‌സണലിനെയും റയാല്‍ മാഡ്രിഡ്‌ ബയേണ്‍ മ്യൂണിക്കിനെയും ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയും പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ലിവര്‍പൂളിനെയും നേരിടും.
രണ്ടാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബാഴ്‌സലോണ 7-2 നു ന്യൂകാസില്‍ യുണൈറ്റഡിനെയും ലിവര്‍പൂള്‍ 4-0 ഗളേസത്‌റെയും ബയേണ്‍ മ്യൂണിക്ക്‌ 4-1 അറ്റ്‌ലാന്റയെയും ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 3-2 ന്‌ അത്‌ലറ്റിക്കോ മാഡ്രിഡിനെയും തോല്‍പ്പിച്ചു. ബാഴ്‌സലോണ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തിലാണു ന്യൂകാസിലിനെ തോല്‍പ്പിച്ചത്‌്.
ബാഴ്‌സയ്‌ക്കായി റാഫിഞ്ഞ, റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കി എന്നിവര്‍ ഇരട്ട ഗോളുകളടിച്ചു. ബെര്‍നാല്‍, ലാമിനെ യമാല്‍, ഫെറാന്‍ ലോപസ്‌ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ആന്റണി ഇലാംഗയാണു ന്യൂകാസിലിനായി ഗോളടിച്ചത്‌. 8-3 എന്ന അഗ്രഗേറ്റ്‌ ഗോളിലാണു ബാഴ്‌സയുടെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. 18 വയസുകാരനായ ലാമിനെ യമാല്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ ഗോള്‍ നേട്ടം പത്താക്കി. അതിനൊപ്പം തന്നെ ഒരു നേട്ടവും താരം സ്വന്തമാക്കി. ചാമ്പ്യന്‍സ്‌ ലീഗില്‍ പത്ത്‌ ഗോളുകളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ്‌ സ്‌പാനിഷ്‌ മിഡ്‌ഫീല്‍ഡര്‍ കുറിച്ചത്‌. മറ്റൊരു നേട്ടവും യമാല്‍ സ്വന്തമാക്കി. ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്ക്‌ഔട്ടുകളില്‍ തുടര്‍ച്ചയായി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പട്ടമാണ്‌ ഇത്തവണ നേടിയത്‌.
ന്യൂകാസിലിനെതിരേ നടന്ന ഒന്നാം പാദ മത്സരത്തില്‍ ബാഴ്‌സയുടെ ഗോളടിച്ചതും യമാലായിരുന്നു. രണ്ടാം പാദത്തിലും താരം ഗോളടിച്ചതോടെയാണ്‌ ഈ നേട്ടം തന്റെ പേരിലാക്കിയത്‌. ആറ്‌, 72 മിനിറ്റുകളിലായിരുന്നു റാഫിഞ്ഞയുടെ ഗോളുകള്‍. 56, 61 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോക്‌സിയുടെ ഗോളുകള്‍ വീണത്‌. 15, 28 മിനിറ്റുകളിലായിരുന്നു എലാങ്കയുടെ ഗോളുകള്‍.
അത്‌ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം തട്ടകത്തില്‍ 3-2 നു തോല്‍പ്പിച്ചെങ്കിലും അഗ്രഗേറ്റില്‍ (5-7) പിന്നിലായതോടെ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ടോട്ടന്‍ഹാം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിമോണ്‍സ്‌ ഇരട്ട ഗോളുകളും കോലോ മുവാനി ഒരു ഗോളുമടിച്ചു. ജൂലിയന്‍ അല്‍വാറസ്‌, ഹാങ്കോ എന്നിവരാണ്‌ അത്‌ലറ്റിക്കോയ്‌ക്കായി നിര്‍ണായക ഗോളുകളടിച്ചത്‌്.
സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക്കോ 5-2 നു ജയിച്ചിരുന്നു. ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ 4-0 ത്തിനാണു ഗളേസത്‌റെയെ തോല്‍പ്പിച്ചത്‌്. സോബോസ്ലായി, എകിറ്റികെ, ഗ്രാവെന്‍ബെഷ്‌, മുഹമ്മദ്‌ സല എന്നിവരാണു ഗോളുകളടിച്ചത്‌്. 4-1 എന്ന അഗ്രഗേറ്റ്‌ ഗോളിലാണു ലിവര്‍പൂളിന്റെ മുന്നേറ്റം. സല മത്സരത്തില്‍ ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. ബയേണ്‍ മ്യൂണിക്ക്‌ 4-1 നാണ്‌ അറ്റ്‌ലാന്റയെ തോല്‍പ്പിച്ചത്‌. സ്വന്തം തട്ടകമായ മ്യൂണിക്ക്‌ അരീനയില്‍ നടന്ന മത്സരത്തില്‍ ബയേണിനായി ഹാരി കെയ്‌ന്‍ ഇരട്ട ഗോളുകളടിച്ചു. കാള്‍, ലൂയിസ്‌ ഡിയാസ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. സമാര്‍ഡിചാണ്‌ അറ്റ്‌ലാന്റയ്‌ക്കായി ഗോളടിച്ചത്‌. 10-2 ന്റെ അഗ്രഗേറ്റ്‌ ഗോളിലാണു മുന്‍ ചാമ്പ്യന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

Ads by Google
Thursday 19 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW