Thursday, March 19, 2026 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 12.53 PM

കണ്ണൂരില്‍ ഇളവെങ്കില്‍ കോന്നിയില്‍ തന്നേയും പരിഗണിക്കണം ; കോണ്‍ഗ്രസിനെയും ഹൈക്കമാന്റിനെയും വെട്ടിലാക്കി അടൂര്‍പ്രകാശും

uploads/news/2026/03/831074/adoor-prakash.jpg

കണ്ണൂര്‍: കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് കോന്നിയില്‍ മത്സരിക്കാന്‍ പ്രത്യാശ പ്രകടിപ്പിച്ച് എംപി അടൂര്‍ പ്രകാശും. എം.പി.മാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് എടുത്തശേഷം കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ഹൈക്കമാന്റ് നിലപാട് മയപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ തനിക്കും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയരിക്കുന്നത്.

നിലപാട് കടുപ്പിച്ച് ഹൈക്കമാന്റിന് സന്ദേശം നല്‍കിയിട്ടുണ്ട്. കെ.സുധാകരന് സീറ്റെങ്കില്‍ തെന്നയും മത്സരിപ്പിക്കണം ഇക്കാര്യത്തില്‍ തനിക്കും ഇളവ് നല്‍കണമെന്നും സുധാകരന്‍ സീറ്റിന് അര്‍ഹനാണെങ്കില്‍ താനും അര്‍ഹനാണെന്നും പറഞ്ഞു. നേരത്തേ എംപിമാര്‍ക്ക് സീറ്റില്ലെന്ന ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കി നേരത്തേ നടത്തിയ പോസ്റ്റ് അടൂര്‍പ്രകാശ് എടുത്തുമാറ്റുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദിത്വം തനിക്കായിരിക്കില്ല എന്നും അടൂര്‍പ്രകാശ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കെ.എസ്.യു. മുതല്‍ താനും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മറ്റുള്ളവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് കൊടുക്കുമ്പോള്‍ തനിക്കും സീറ്റിന് അര്‍ഹതയുണ്ടെന്ന കാര്യം ഹൈക്കമാന്റ് മനസ്സിലാക്കണമെന്നും അടൂര്‍പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ നേരത്തേ അംഗീകരിച്ചത് എംപിമാര്‍ മാറി നില്‍ക്കണമെന്ന് ഹൈക്കമാന്റ് നിലപാട് എടുത്തതിനാലാണ്. അത് എല്ലാവര്‍ക്കും ബാധകമാണ്. തീര്‍ച്ചയായും കെ.സുധാകരന് കണ്ണൂര്‍ സീറ്റില്‍ അര്‍ഹതയുണ്ട്. എന്നാല്‍ നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം കണ്ണൂരിന് വേണ്ടി മാറ്റുകയാണെങ്കില്‍ കോന്നിയില്‍ തനിക്കും അര്‍ഹതയുണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അടൂര്‍പ്രകാശിന്റെ സന്ദേശം വ്യക്തമാക്കുന്നു.

അതേസമയം ഇപ്പോഴത്തെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. കണ്ണൂരില്‍ സുധാകരന് പിന്നാലെ അടൂര്‍ പ്രകാശും വന്നിരിക്കുന്നതോടെ ഈ ആവശ്യം ഉന്നയിച്ച് കുടുതല്‍ എംപിമാര്‍ വരുമോ എന്നാണ് ഭീതി. നേരത്തേ കൊടിക്കുന്നില്‍ സുരേഷ് എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കെല്ലാം കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുള്ളവരാണ്. ഇവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തേക്ക് വരുമോയെന്നും അത് എങ്ങിനെ പരിഹരിക്കാമെന്നുമാണ് ഹൈക്കമാന്റിന്റെ ആലോചന.

Ads by Google
Ads by Google
TRENDING NOW