-->
കണ്ണൂര്‍: ബിജെപി അദാലത്തില്‍ അപേക്ഷയുമായി എത്തിയ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. കണ്ണൂരിലെ പുതിയതെരുവില്‍ നടന്ന അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പേരാവൂരില്‍ സഹോദരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം.
അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റുമായ കെ.കെ. വിനോദ് കുമാറും ഗോവ എംപി സദാനന്ദ ഷെട്ട് തനവാഡെയും ചേര്‍ന്നാണ് ഷാജിക്ക് അംഗത്വം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി മമ്പറത്ത് നടത്തിയ അദാലത്തില്‍ ഷാജി പങ്കെടുത്തിരുന്നു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സണ്ണി ജോസഫിനെ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.
ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട ലൈസന്‍സിനായി നിരവധി തവണ സമീപിച്ചിട്ടും ബന്ധപ്പെട്ടവര്‍ ഇടപെട്ടില്ലെന്നും അതുകൊണ്ടാണ് ബിജെപി അദാലത്തില്‍ എത്തിയതെന്നും നേരത്തേ അദാലത്തില്‍ പങ്കെടുത്തപ്പോള്‍ ഷാജി വ്യക്തമാക്കിയിരുന്നു. ഷാജിയുടെ ബിജെപി അംഗത്വം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്നാണ് അറിയേണ്ടത്. അതേസമയം ഇത് കാര്യമായ ചര്‍ച്ചയായിട്ടില്ല.