-->
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ ശബരി മലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട സദ്യയും അന്നദാനവും അടൂര്‍ പ്രകാശിന് വിനയാകുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ ചെയ്ത സദ്യ ഉദ്ഘാടനം ചെയ്യാന്‍ അടൂര്‍പ്രകാശിനെ എത്തിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ ഭക്തരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലന്‍സ് തന്നെ കണ്ടെത്തിയിരുന്നു. പോറ്റി ശബരിമലയില്‍ നടത്തിയ അന്നദാനം താന്‍ ഉദ്ഘാടനം ചെയ്തിരുന്നുവെന്ന് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാന്‍ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാണ് താന്‍ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്തത്. ഇന്ന് പോലീസ് ആസ്ഥാനത്ത് അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു.