Thursday, March 19, 2026 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 10.26 AM

പിണറായിക്ക് മൂന്നാം ഊഴം കിട്ടില്ല, സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടു ; മുഖ്യമന്ത്രിപ്രീതി തിരുത്തി ജി.സുധാകരന്‍

uploads/news/2026/03/830997/g-sudhakaran.jpg

ആലപ്പുഴ: പിണറായിയെ പിന്തുണച്ചതിന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം എതിരേ തിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മലക്കം മറിഞ്ഞ് സിപിഐഎമ്മില്‍ നിന്നും കളംമാറിയ ജി.സുധാകരന്‍. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും പിണറായിക്ക് മൂന്നാം ഊഴം കിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടാണ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്. അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണ അംഗീകരിക്കുന്നതായും പറഞ്ഞു.

കോണ്‍ഗ്രസ് പിന്തുണ രജതരേഖയെന്നും വിജയം വരെ പിന്തുണ തുടരണമെന്നും ജി സുധാകരന്‍ പറഞ്ഞു. മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നുവെന്ന് അദേഹം പറയുന്നു. അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്.

ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. എംഎല്‍എയായും മന്ത്രിയായും സ്ഥാനത്ത് ഇരുന്ന ശേഷം സിപിഐഎമ്മുമായി ആറു പതിറ്റാണ്ടത്തെ ബന്ധം അവസാനിപ്പിച്ചാണ് ജി.സുധാകരന്‍ മത്സരിക്കുന്നത്. നേരത്തേ പിണറായി വിജയനെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തില്‍ നിന്നും വലിയ എതിര്‍പ്പ് നേരിട്ടിരുന്നു.

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്.

അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോള്‍ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. എന്നെ നേരിടുന്ന എല്‍ഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇക്കൂട്ടത്തില്‍ ഇന്നത്തെ യുഡിഎഫില്‍ പെട്ട നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവര്‍ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.

ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ശക്തമായും ആത്മാര്‍ത്ഥമായും എനിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടതുപക്ഷത്തില്‍ പൊതുവേയും സിപിഎമ്മില്‍ പ്രത്യേകിച്ചും നിരവധി പാര്‍ട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടര്‍മാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നില്‍പ്പുണ്ട്.

ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.

നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എല്‍ഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോള്‍ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂര്‍വ്വമായ നിലപാട് ചരിത്രത്തില്‍ ഒരു രജതരേഖയായി സ്ഥാനം പിടിക്കും.

സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്.

Ads by Google
Ads by Google
TRENDING NOW