-->
പുന്നപ്ര: പാര്‍ട്ടിവിടുന്നതായി പ്രഖ്യാപിച്ച സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍. പ്രശ്‌നത്തില്‍ പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിലാണ് പുന്നപ്രയിലെ പാര്‍ട്ടിനേതാക്കളും. സുധാകരന്‍ പാര്‍ട്ടിവിട്ടാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ഒരു പ്രവര്‍ത്തകന്‍ പോലൂം കൊഴിഞ്ഞുപോകില്ലെന്നും കാണിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ഇന്നലെ ചാരുംമൂട് വലിയ പ്രതിഷേധം നടന്നതിന് പിന്നാലെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു മാര്‍ച്ചിനും ഒരുങ്ങുകയാണ് സിപിഐഎം.
ജി സുധാകരന്റെ പുന്നപ്രയിലെ നവനീതം വീടിന് മുന്നിലായിട്ട് ഇന്ന് രാവിലെയാണ് ബാനര്‍ ഉയര്‍ന്നിരിക്കുന്നത്. 'കുലംകുത്തികളെ കാലം വര്‍ഗ്ഗവഞ്ചകരെന്ന് വിളിക്കും' എന്ന വാക്യത്തിലുള്ള ബാനര്‍ ഭഗവതിക്കല്‍ സഖാക്കളുെട പേരിലാണ് ഉയര്‍ന്നിരിക്കുന്നത്. സുധാകരന്റെ വീടിന്റെ മതില്‍ നിറയെ കുലംകുത്തിയെന്നും 'വര്‍ഗ്ഗവഞ്ചകന് മാപ്പില്ല...വോട്ടില്ല' എന്ന കുറിപ്പോടുകൂടിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ പ്രാദേശിക പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വീടിന് പുന്നപ്രപോലീസ് കനത്ത കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവം വലിയ വിവാദമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം താഴേയ്ക്ക് ഇടയില്‍ വിശദീകരിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. ഇന്നലെ പുന്നപ്രയില്‍ 15 ഏരിയാകമ്മറ്റിയോഗമാണ് ചേര്‍ന്നത്. ഇന്നും യോഗം ചേരുന്നുണ്ട്. സംഭവം വിശദീകരിക്കാന്‍ കീഴഘടകങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇന്നലെ എസ്എഫ്‌ഐ യുടെ രക്തസാക്ഷിയായ ഭുവനേശ്വറിന്റെ ചാരുംമൂട്ടിലെ സ്മൃതികുടീരത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. നാളെ ഒരു വലിയ റാലി നടത്താനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. വി.എസ്. അച്യുതാനന്ദന്റെ വീട്ടില്‍ നിന്നും റാലി തുടങ്ങാനാണ് പദ്ധതി.
ഇന്നലെയായിരുന്നു വാര്‍ത്താസമ്മേളനം നടത്തി താന്‍ പാര്‍ട്ടി വിടുന്നതായും സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതായും ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് എത്തുകയും ചെയ്തിരിക്കുകയാണ്. 60 വര്‍ഷം നീണ്ട പാര്‍ട്ടിയുമായുള്ള ബന്ധമാണ് ജി.സുധാകരന്‍ അവസാനിപ്പിച്ചത്. 1967 ലാണ് ജി.സുധാകരന്‍ പാര്‍ട്ടിയില്‍ അംഗമായത്. രണ്ടു തവണ മന്ത്രിയും നാലു തവണ എംഎല്‍എയും ആയി ഇരുന്ന ശേഷമാണ് സുധാകരന്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.