Sunday, March 15, 2026 Last Updated 24 Min 11 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

'പുറത്താക്കേണ്ടിവന്നേനേ'; ജി. സുധാകരന്‍ പോയത്‌ നന്നായെന്ന്‌ സി.പി.എം., സഖാവല്ല, 'വെറും' സുധാകരനെന്ന് തിരുത്ത്! പ്രതിരോധിക്കാന്‍ നേതാക്കള്‍ ആലപ്പുഴയിലേക്ക്‌

സുധാകരന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും കൃത്യമായ വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ്‌ കാലമായതിനാല്‍ പ്രതികരണങ്ങളില്‍ പരമാവധി സംയമനം പാലിക്കണമെന്നുമാണ്‌ നേതൃതലത്തില്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം.
uploads/news/2026/03/830257/G.-Sudhakaran-CPM.jpg

അമ്പലപ്പുഴ: പാര്‍ട്ടി അംഗത്വമുപേക്ഷിച്ച്‌ അമ്പലപ്പുഴയില്‍ സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുന്‍മന്ത്രി ജി. സുധാകരനെതിരേ സി.പി.എം. ശക്‌തിപ്രകടനവും പൊതുസമ്മേളനവും. പറവൂരില്‍ ഇന്നലെ വൈകിട്ട്‌ മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ വസതിക്കു മുന്നില്‍നിന്ന്‌ ആരംഭിച്ച പ്രകടനം ദേശീയപാത വഴി സുധാകരന്റെ വസതിക്കു സമീപം സമാപിച്ചു.

പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നു കരുതിയാണ്‌ സുധാകരന്‍ പാര്‍ട്ടിയെ വഞ്ചിച്ച്‌ കോണ്‍ഗ്രസില്‍ പോകുന്നതെന്നും എന്നാല്‍, പാര്‍ട്ടിക്ക്‌ ഒരു ചുക്കും സംഭവിക്കില്ലെന്നും നാസര്‍ പറഞ്ഞു.

സുധാകരന്‍ അംഗത്വം പുതുക്കാതിരുന്നതു നന്നായി. അല്ലെങ്കില്‍ താന്‍ പുറത്താക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ തന്റെ ജോലി കുറഞ്ഞു. സുധാകരന്‌ ജനം ചുട്ട മറുപടി നല്‍കുമെന്നും നാസര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്‌. സുജാത, എച്ച്‌. സലാം എം.എല്‍.എ, ഏരിയാ സെക്രട്ടറി സി. ഷാംജി എന്നിവര്‍ പ്രസംഗിച്ചു.

സഖാവല്ല, 'വെറും' സുധാകരനെന്ന്‌ തിരുത്ത്‌!

പ്രസംഗത്തിലുടനീളം സുധാകരനെ 'സഖാവെ'ന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ വേദിയുടെ തൊട്ടുമുന്നിലിരുന്ന പ്രവര്‍ത്തകര്‍ തിരുത്തി. ഇപ്പോള്‍ സഖാവല്ല, വെറും സുധാകരനാണെന്നു ചിലര്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന്‌, ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും ഏരിയാ സെക്രട്ടറി ഷാംജിയും പ്രസംഗത്തില്‍ സുധാകരന്‍ എന്ന്‌ മാത്രമാണ്‌ വിശേഷിപ്പിച്ചത്‌..

സുധാകരനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ ആലപ്പുഴയിലേക്ക്‌

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുന്‍മന്ത്രി ജി. സുധാകനെ തുടക്കത്തില്‍അവഗണിച്ച സി.പി.എം, പക്ഷേ ശക്‌തമായ പ്രതിരോധം ഒരുക്കാനുള്ള നീക്കത്തില്‍. സുധാകരന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും കൃത്യമായ വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ്‌ കാലമായതിനാല്‍ പ്രതികരണങ്ങളില്‍ പരമാവധി സംയമനം പാലിക്കണമെന്നുമാണ്‌ നേതൃതലത്തില്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം.

സുധാകരനൊപ്പം ആരും പാര്‍ട്ടി വിട്ടുപോകുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ താഴെത്തട്ടില്‍ വരെ ശ്രദ്ധപുലര്‍ത്തുന്നുണ്ട്‌. സുധാകരനു പിന്തുണയുമായി രംഗത്തുവന്ന അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ അഡ്വ. ഷീബ രാകേഷിനെ തള്ളി പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നു. ഷീബ സി.പി.എം അംഗമല്ലെന്നാണ്‌ വാദം. സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പുന്നപ്രയില്‍ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും പൊതുസമ്മേളനത്തിലും കടുത്ത വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌.

സുധാകരന്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച ശേഷമുള്ള സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവും മന്ത്രിയുമായ സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം ചേര്‍ന്നു. സംസ്‌ഥാന നേതാക്കളെ പങ്കെടുപ്പിച്ച്‌ പൊതുയോഗങ്ങള്‍ നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സംസ്‌ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജനറല്‍ ബോഡി യോഗങ്ങളും നടത്തും. സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചുവെന്ന്‌ ജനങ്ങളോട്‌ വിശദീകരിക്കാനാണ്‌ നീക്കം. ജി. സുധാകരന്‌ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

'മിനിഞ്ഞാന്ന്‌ വരെ സുധാകരന്‍ ഞങ്ങളുടെ നേതാവായിരുന്നു. ഒരു പരിപാടിക്കും സുധാകരനെ വിളിക്കേണ്ടതില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ആലപ്പുഴയില്‍ പാര്‍ട്ടി ഒരുപാട്‌ പ്രയാസങ്ങള്‍ നേരിട്ടുണ്ട്‌. ഇതും ഒറ്റക്കെട്ടായി നേരിടും. മരിക്കുംവരെ സുധാകരനോട്‌ വ്യക്‌തിപരമായ സ്‌നേഹമുണ്ടാകും.

അവഗണിച്ചുവെന്ന പേരില്‍ സുധാകരന്‍ ഒരു കത്ത്‌ പോലും തന്നിട്ടുണ്ടോ? രാഷ്‌ട്രീയ വഞ്ചന കാണിച്ചാല്‍ പാര്‍ട്ടി ഒന്നിച്ചു നേരിടും. അമ്പലപ്പുഴയില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്‌. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആലപ്പുഴയിലെ പാര്‍ട്ടി ഒന്നിച്ച്‌ നില്‍ക്കുമെന്നതാണ്‌ ചരിത്രമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW