Thursday, March 19, 2026 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 12.44 PM

അറബിയിൽ നിന്ന് സഹായം വാഗ്ദാനം ചെയ്ത് പീഡനവും കവർച്ചയും: ‘അറബി അസൈനാർ’ പിടിയിൽ

on

കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്യുന്ന പ്രതിയെ പോലീസ് പിടികൂടി. അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ (66) ആണ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡിന്റെയും പന്നിയങ്കര പോലീസിന്റെയും പിടിയിലായത്. 'അറബി അസൈനാർ' എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ വർഷം നവംബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയങ്കര സ്വദേശിയായ യുവതിക്ക് നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തി നൽകാമെന്നും അവിടെ നിന്ന് സ്വർണ്ണവും പണവും വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ നിലമ്പൂരിലെ ഒരു ലോഡ്ജിലെത്തിച്ചത്. അവിടെ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 14,500 രൂപയും മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ചതിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട യുവതി പന്നിയങ്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ക്രൂരമായ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന് പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതേ രീതിയിൽ 'അറബി കല്യാണം' എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഒടുവിൽ കാസർകോട്, മംഗലാപുരം ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. അവിടെ വച്ചും മറ്റൊരു യുവതിയെ സമാന രീതിയിൽ പറ്റിക്കാൻ പ്രതി ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW