-->
നോര്‍വേയിലെ മൂന്നു ഗോളിന്റെ കടവുമായാണ് സ്വന്തം തട്ടകത്തില്‍ സ്‌പോര്‍ട്ടിങ് സി.പി. ഇറങ്ങിയത്. കടംവീട്ടാന്‍ ആക്രമണമെന്ന ഏക മാര്‍ഗം മാത്രമായിരുന്നു സ്‌പോര്‍ട്ടിങ്ങിനു മുന്നിലുണ്ടായിരുന്നത്. അവര്‍ അത് ഭംഗിയായി നിറവേറ്റിയപ്പോള്‍ എതിരാളികളായ ബോഡോ സീസണില്‍ ഇതാദ്യമായി വിറച്ചു. ബോഡോ ബോക്‌സില്‍ തിരമാലകണക്കെ സ്‌പോര്‍ട്ടിങ് താരങ്ങള്‍ ഇരച്ചെത്തിയതോടെ ഏതുനിമിഷവും ഗോള്‍വീഴുമെന്ന അവസ്‌ഥയായി. 34-ാം മിനിറ്റില്‍ ആതിഥേയര്‍ ആദ്യവെടിപൊട്ടിച്ചു. ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയുടെ കോര്‍ണര്‍കിക്കില്‍ തലവച്ച് ഗോണ്‍സാലോ ഇനാസിയോ ആദ്യഗോളിന് അവകാശിയായി. അപ്പോഴും രണ്ടുഗോളിന്റെ മേല്‍ക്കൈ ബോഡോയ്‌ക്കായിരുന്നു. ആദ്യപകുതിയില്‍ വീണ്ടും വലകുലുങ്ങാന്‍ അനുവദിക്കാതെ ബോഡോ പിടിച്ചുനിന്നു. ഇതിനിടയില്‍ ഒരുവട്ടം ക്രോസ്‌ബാര്‍ കുലുക്കി ആതിഥേയരുടെ നെഞ്ചില്‍ തീകോരിയിടാനും നോര്‍വീജിയന്‍ സംഘത്തിനായി.
രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചുള്ള സ്‌പോര്‍ട്ടിങ്ങിന്റെ തുടരാക്രമണത്തില്‍ ബോഡോ പ്രതിരോധത്തില്‍ വിള്ളല്‍ വീണു. 61-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ ക്രോസില്‍ പെഡ്രോ ഗോള്‍സാല്‍വസ് സ്‌പോര്‍ട്ടിങ്ങിനായി രണ്ടാം ഗോള്‍ നേടി. 78-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ പന്ത് കൈകൊണ്ടു തൊട്ടതിന് ബോഡോയ്‌ക്കെതിരേ വിധിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സുവാരസ് ടീമിനെ ഒപ്പമെത്തിച്ചു(3-3).
നിശ്‌ചിത സമയം ഇരുടീമുകള്‍ക്കും വീണ്ടും വലചലിപ്പിക്കാന്‍ സാധിക്കാതിരുന്നതോടെ വിജയികളെ നിശ്‌ചയിക്കാന്‍ എക്‌സ്ട്രാ ടൈം അനിവാര്യമായി. പന്തുരുണ്ട് രണ്ടാം മിനിറ്റില്‍ മാക്‌സി അരായോയിലൂടെ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാര്‍ മുന്നില്‍ക്കടന്നു. സമനിലയ്‌ക്കായി ബോഡോ പൊരുതിയെങ്കിലും വല കുലുങ്ങിയില്ല. 121-ാം മിനിറ്റില്‍ പകരക്കാരന്‍ റാഫേല്‍ നെല്‍ പോര്‍ച്ചുഗല്‍ ടീമിന്റെ പട്ടിക തികച്ചു. മാഞ്ചസ്‌റ്റര്‍ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ ടീമുകളെ നിലംപരിശാക്കി സീസണിലെ കറുത്ത കുതിരകളായ ബോഡോയുടെ സ്വപ്‌നസമാന കുതിപ്പിച്ചും ഇതോടെ വിരാമമായി. 1983-നു ശേഷം ഇതാദ്യമായാണ് സ്‌പോര്‍ട്ടിങ് സി.പി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്.