Thursday, March 19, 2026 Last Updated 59 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.47 PM

ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌

uploads/news/2026/03/830969/sp3.jpg

കെയ്‌റോ: ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ (ആഫ്‌കോണ്‍) ഫുട്‌ബോള്‍ കിരീടം സെനഗലിനു നഷ്‌ടം. കലാശപ്പോരില്‍ സെനഗലിനോടു തോറ്റ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിച്ച്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ആഫ്രിക്കന്‍ ഫുട്‌ബോള്‍ (സി.എ.എഫ്‌). ഫൈനലിനിടെ നടന്ന നാടകീയ സംഭവങ്ങള്‍ അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കടുത്ത നടപടി. ജനുവരി 18 ന്‌ ഫൈനല്‍ നടന്ന്‌ രണ്ടുമാസത്തിനുശേഷമാണ്‌ കോണ്‍ഫെഡറേഷന്‍ വിധി പ്രസ്‌താവിച്ചത്‌.
ഫൈനലില്‍ നിശ്‌ചിത സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മൊറോക്കോയ്‌ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കാണ്‌ സംഘര്‍ഷത്തിനു കാരണമായത്‌. ഗോള്‍മുഖത്തേക്കുവന്ന പന്ത്‌ തടയാന്‍ ശ്രമിക്കുന്നതിനിടെ സെനഗലിന്റെ എല്‍ഹാജി ദിയൂഫ്‌ മൊറോക്കോയുടെ ബ്രാഹിം ഡയസിനെ ഫൗള്‍ ചെയ്‌തു. വാര്‍ പരിശോധനയ്‌ക്കുശേഷം മൊറോക്കോയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഇതിനിടെ ഫൗളിനെച്ചൊല്ലി ഇരുടീമിലെയും താരങ്ങളും ഒഫീഷ്യലുകളും തമ്മില്‍ ഉന്തും തള്ളുമായി. മൊറോക്കോയ്‌ക്ക് അനുകൂലമായി റഫറിയുടെ തീരുമാനം വന്നതോടെ സെനഗല്‍ താരങ്ങള്‍ കളംവിട്ടു. പരിശീലകന്‍ പാപ്പെ തിയാവ്‌ മുന്‍കൈയെടുത്താണ്‌ താരങ്ങളെ കളംവിടാന്‍ പ്രേരിപ്പിച്ചത്‌. കലാശപ്പോരാട്ടം പാതിവഴിയില്‍ അവസാനിക്കുമെന്ന്‌ കരുതിയിടത്ത്‌ സെനഗലിന്റെ മുതിര്‍ന്ന താരം സാദിയോ മാനെയുടെ ഇടപെടലില്‍ താരങ്ങള്‍ മൈതാനത്തേക്കു മടങ്ങിവരികയും മത്സരം പുനരാരംഭിക്കുകയുമായിരുന്നു. ഇതിനിടയില്‍ 17 മിനിറ്റോളം മത്സരം തടസപ്പെട്ടിരുന്നു.
കളി വീണ്ടും തുടങ്ങിയപ്പോള്‍ ബ്രാഹിം ഡയസിന്റെ പെനാല്‍റ്റി സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ്‌ മെന്‍ഡി രക്ഷപ്പെടുത്തി. ഇതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. എക്‌സ്ട്രാടൈമില്‍ പാപ്പെ ഗുയെ നേടിയ ഗോളില്‍ സെനഗല്‍ കിരീടം ചൂടുകയുമായിരുന്നു.
സംഭവത്തില്‍ മൊറോക്കോയുടെ പരാതി പരിഗണിച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, സെനഗല്‍ കളത്തില്‍നിന്നു കയറിപ്പോയത്‌ ചട്ടലംഘനമാണെന്നു കണ്ടെത്തി. ഒരു ടീം കളിക്കാന്‍ വിസമ്മതിക്കുകയോ റഫറിയുടെ തീരുമാനം മറികടന്ന്‌ മത്സരം പൂര്‍ത്തിയാകുംമുമ്പേ കളം വിടുകയോ ചെയ്‌താല്‍ ആ ടീം പരാജയപ്പെട്ടതായി കണക്കാക്കി എതിരാളികളെ വിജയിയായി പ്രഖ്യാപിക്കാമെന്നാണു ചട്ടം. ഇതു പ്രകാരം ഫൈനലില്‍ സെനഗല്‍ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടെന്നും മൊറോക്കോ ചാമ്പ്യന്മാരായെന്നുമാണ്‌ കഴിഞ്ഞദിവസം രാത്രി വൈകി എ.എഫ്‌.സി. പ്രഖ്യാപിച്ചത്‌.
അതേസമയം, ആഫ്രിക്കന്‍ ഫുട്‌ബോള്‍ സംഘടനയ്‌ക്കെതിരേ സെനഗല്‍ സര്‍ക്കാര്‍ രംഗത്തെത്തി. സി.എ.എഫ്‌. അഴിമതിക്കൂട്ടമായെന്നും ഇതിനെതിരേ സ്വതന്ത്ര രാജ്യാന്തര അന്വേഷണം വേണമെന്നുമാണ്‌ സര്‍ക്കാരിന്റെ ആവശ്യം. സി.എ.എഫിന്റെ തീരുമാനത്തിനെതിരേ കോര്‍ട്ട്‌ ഓഫ്‌ ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ടി (സി.എ.എസ്‌)ല്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന്‌ സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Wednesday 18 Mar 2026 11.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW