-->
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍നിന്ന് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്കൊപ്പം അതിശയ പ്രകടനം കാഴ്‌ചവച്ച ബോഡോയും പുറത്ത്. സ്‌പാനിഷ് കരുത്തരായ റയാല്‍ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 5-1 ന് മാഞ്ചസ്‌റ്റര്‍ സിറ്റിയെ കെട്ടുകെട്ടിച്ച് ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ സിറ്റിയുടെ മൈതാനത്തു നടന്ന പോരാട്ടത്തില്‍ 2-1ന് റയാല്‍ ജയിച്ചുകയറി. നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ (പി.എസ്.ജി) രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ തച്ചുടച്ചു. എതിരില്ലാത്ത മൂന്നു ഗോളിനാണ് പി.എസ്.ജിയുടെ ജയം. ആദ്യപാദത്തില്‍ 5-2 ന് ജയിച്ച ഫ്രഞ്ച്‌പട ഇരുപാദങ്ങളിലുമായി 8-2 ന് ക്വാര്‍ട്ടര്‍പ്രവേശം രാജകീയമാക്കി.
ഇംഗ്ലീഷ് ടീമുകള്‍ക്കു തിരിച്ചടി നേരിട്ടെങ്കിലും ആഴ്‌സണലിന്റെ ജയം ആരാധകര്‍ക്ക് ആശ്വാസമായി. ബുണ്ടസ് ലീഗയിലെ ബയേര്‍ ലെവര്‍ക്യൂസണെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് രണ്ടുപാദങ്ങളിലുമായി ഒന്നിനെതിരേ മൂന്നു ഗോളിന്റെ മേല്‍ക്കൈയില്‍ ഗണ്ണേഴ്‌സ് ക്വാര്‍ട്ടറില്‍ കടന്നു.
സീസണില്‍ നോര്‍വീജിയന്‍ ടീം ബോഡോയുടെ സ്വപ്‌ന സമാന കുതിപ്പിന് പോര്‍ച്ചുഗലില്‍നിന്നുള്ള സ്‌പോര്‍ട്ടിങ് സി.പി. തിരശീലയിട്ടു. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചുകയറിയ ആത്മവിശ്വാസത്തിലാണ് ബോഡോ എതിരാളികളുടെ മൈതാനത്തിറങ്ങിയത്. പക്ഷേ, സ്വന്തം കാണികള്‍ക്കുമുന്നില്‍ എക്‌സ്ട്രാ ടൈമിലെ രണ്ടുഗോളടക്കം ആകെ അഞ്ചെണ്ണം ബോഡോ വലയില്‍ നിക്ഷേപിച്ച് സ്‌പോര്‍ട്ടിങ് സി.പി. വിജയമധുരം നുകര്‍ന്നു. ഇരുപാദങ്ങളിലുമായി 5-3 ന് ബോഡോയ്‌ക്കു പുറത്തേക്കുള്ള വഴിതുറന്നു.
എത്തിഹാദിലും
റയാല്‍
സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ അസാന്നിധ്യത്തിലും എതിരില്ലാത്ത മൂന്നു ഗോളിനു വിജയം കൊയ്‌തതിന്റെ ആത്മവിശ്വാസത്തിലാണ് 15 തവണ കിരീടമുയര്‍ത്തിയ റയാല്‍ മാഡ്രിഡ് രണ്ടാം പാദത്തില്‍ എതിരാളികളായ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ എത്തിഹാദ് സ്‌റ്റേഡിയത്തിലെത്തിയത്. തിരിച്ചുവരവിനു കരളുറപ്പുള്ള പെപ് ഗ്വാര്‍ഡിയോളയെയും സംഘത്തെയും സ്‌പാനിഷ് വമ്പന്മാര്‍ നിസാരരായി കണ്ടതുമില്ല. അച്ചടക്കത്തോടെയുള്ള പ്രകടനവുമായി ഒന്നിനെതിരേ രണ്ടുഗോളടിച്ച് ഇരുപാദങ്ങളിലുമായി 5-1 ന്റെ മേധാവിത്തത്തില്‍ റയാല്‍ ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. ഇരട്ടഗോളുമായി വിനീഷ്യസ് ജൂനിയര്‍ രണ്ടാം പാദത്തില്‍ റയാലിനായി തിളങ്ങി. എര്‍ലിങ് ഹാളണ്ടാണ് സിറ്റിയുടെ ഏകഗോളിന് അവകാശിയായി.
ആദ്യപാദത്തില്‍ മൂന്നു ഗോളിന് പിന്നിലാണെന്നതൊന്നും ബാധിക്കാത്ത രീതിയിലായിരുന്നു മത്സരത്തുടക്കത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ പ്രകടനം. പക്ഷേ, 22-ാം മിനിറ്റില്‍ സിറ്റി നായകന്‍ ബെര്‍ണാഡോ സില്‍വയ്‌ക്കു ലഭിച്ച ചുവപ്പുകാര്‍ഡ് മത്സരഗതിയെ കീഴ്‌മേല്‍ മറിച്ചു. ഗോള്‍ലൈനില്‍ പന്ത് കൈകൊണ്ടു സ്‌പര്‍ശിച്ചതിനാണ് സില്‍വയ്‌ക്കു പുറത്തേക്കുള്ള വഴിതുറന്നത്. റയാല്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് തടയാനുള്ള ശ്രമമാണ് സില്‍വയുടെ ചുവപ്പുകാര്‍ഡില്‍ കലാശിച്ചത്. പന്ത് ഗോള്‍വര കടക്കാതെ തടയാനായെങ്കിലൂം വാര്‍ പരിശോധന സില്‍വയ്‌ക്കു വിനയായി. ഇതിനിടയില്‍ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. വാര്‍ പരിശോധനയില്‍ റയാല്‍ താരങ്ങള്‍ ഓഫ്‌സൈഡല്ലെന്നു വ്യക്‌തമായി. ഇതോടെയാണ് സില്‍വയുടെ ഹാന്‍ഡ്‌ബോളിലേക്കു ശ്രദ്ധ തിരിഞ്ഞത്. അത് താരത്തിന്റെ പുറത്താകലില്‍ മാത്രമല്ല സിറ്റിക്കെതിരേ പെനാല്‍റ്റിക്കും വഴിതുറന്നു. കിക്കെടുത്ത വിനീഷ്യസ് ജൂനിയര്‍ എത്തിഹാദിലെ സിറ്റി ആരാധകരുടെ വിസിലടി നിശബ്‌ദമാക്കി വലചലിപ്പിച്ചു. ഇതോടെ എതിരില്ലാത്ത നാലു ഗോളിന്റെ ആധിപത്യം റയാലിനായി. ചുവപ്പുകാര്‍ഡ് കണ്ട ബെര്‍ണാഡോ സില്‍വ മൈതാനം വിടുന്നതിനിടെ തീരുമാനത്തില്‍ പ്രകോപിതനായ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്‌ക്കുനേരേയും റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി.
പത്തുപേരായി ചുരുങ്ങിയിട്ടും സിറ്റിയുടെ പോരാട്ടവീര്യത്തിനു കുറവൊന്നുമുണ്ടായില്ല. ആദ്യപകുതി അവസാനിക്കുംമുമ്പേ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ സിറ്റിക്കായി. 41-ാം മിനിറ്റില്‍ ജെറമി ഡോക്കുവിന്റെ പാസില്‍ എര്‍ലിങ് ഹാളണ്ട് റയാല്‍ ഗോള്‍കീപ്പര്‍ തിബോ കോത്‌വയെ കീഴടക്കി.
ആളെണ്ണത്തില്‍ ഒരാള്‍ കുറവുണ്ടെന്നതു ബാധിക്കാത്ത രീതിയിലായിരുന്നു രണ്ടാം പകുതിയിലും സിറ്റിയുടെ പ്രകടനം. പക്ഷേ, ആദ്യം കോത്‌വയും പിന്നീട് പകരമെത്തിയ ആന്‍ഡ്രി ലൂനിനും നടത്തിയ ലോകോത്തര രക്ഷപ്പെടുത്തലുകള്‍ റയാലിനെ തുണച്ചു. മത്സരം ഇന്‍ജുറി ടൈമിലേക്കു കടന്നതോടെ തളര്‍ന്ന സിറ്റി പ്രതിരോധത്തിന്റെ വിവശത മുതലെടുത്ത് വിനീഷ്യസ് ജൂനിയര്‍ ആതിഥേയരുടെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ഔറേലിയന്‍ ചൗമെനിയുടെ തകര്‍പ്പന്‍ ക്രോസ് ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീല്‍താരം മത്സരത്തിലെ വ്യക്‌തിഗത ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് നാലാംവട്ടമാണ് മാഞ്ചസ്‌റ്റര്‍ സിറ്റിക്കു ചാമ്പ്യന്‍സ് ലീഗില്‍ റയാല്‍ വഴിമുടക്കിയാകുന്നത്.
ഗണ്ണേഴ്‌സ് മുന്നേറി,
ചെല്‍സി വീണു
പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍ വിജയമധുരം നുകര്‍ന്നപ്പോള്‍ ചെല്‍സിയെ പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ തുരത്തി. ലെവര്‍ക്യൂസന്റെ മൈതാനത്തു നടന്ന ആദ്യപാദത്തില്‍ 1-1 നു സമനിലയില്‍ പിരിഞ്ഞതിന്റെ ആത്മവിശ്വാസം ആഴ്‌സണല്‍ നിരയില്‍ പ്രതിഫലിച്ചു. എബെറഷി എസെയുടെ 36-ാം മിനിറ്റ് ഗോളില്‍ ഗണ്ണേഴ്‌സ് മുന്നിലെത്തി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസ് ഒരുവട്ടംകൂടി നിറയൊഴിച്ചതോടെ ലെവര്‍ക്യൂസന്റെ വഴിയടഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലിന്റെ സീസണിലെ ക്വാഡ്രപ്പിള്‍ സ്വപ്‌നങ്ങള്‍ക്കു കൂടുതല്‍ നിറംപകരുന്നതാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശം.
സ്‌റ്റാംഫോഡ് ബ്രിഡ്‌ജില്‍ എതിരില്ലാത്ത മൂന്നു ഗോളിനു നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്കു മുന്നില്‍ മുട്ടുമടക്കിയത് ചെല്‍സിക്കു നാണക്കേടായി. ഫ്രഞ്ച് പടയുടെ മൈതാനത്ത് രണ്ടുഗോളടിക്കാന്‍ നീലപ്പടയ്‌ക്കായെങ്കിലും സ്വന്തം കാണികള്‍ക്കുമുന്നില്‍ ശൂന്യമായ അക്കൗണ്ടുമായാണ് രണ്ടാം പാദത്തില്‍ തോറ്റമ്പിയത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരേ എട്ടുഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. ആദ്യപകുതിയില്‍ത്തന്നെ വിജയികള്‍ രണ്ടുഗോളിനു മുന്നിലെത്തി. ആറാം മിനിറ്റില്‍ ക്വിഷ ക്വാറത്സ്‌ഖേലിയയും 15-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയും നിലവിലെ ജേതാക്കള്‍ക്കായി ചെല്‍സി വലയില്‍ പന്തെത്തിച്ചു. പകരക്കാരനായെത്തിയ സെന്നി മേയുലു 62-ാം മിനിറ്റില്‍ പട്ടിക തികച്ചതോടെ ചെല്‍സിയുടെ ആരാധകര്‍ നിരാശയോടെ ഗ്യാലറി വിട്ടിറങ്ങി.