-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരായിരുന്നു ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും. നീണ്ട നാളുകള്‍ പ്രണയിച്ച ശേഷമാണ് ഇവര്‍ ജീവിത്തില്‍ ഒന്നായത്. എന്നാല്‍ ഇടയ്ക്കെപ്പോഴോ ജീവിതത്തിന്റെ താളം തെറ്റിയപ്പോള്‍ ഇരുവരും ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞിരുന്നു. അന്നത്തെക്കാലത്ത് പ്രിയനും ലിസ്സിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ആരാധകരെ ഏറെ ഞെട്ടിച്ചൊരു വാര്‍ത്തയായി മാറി.
എന്നാല്‍ പതിവിനു വിപരീതമായി യാതൊരു അടിയും വഴക്കുമില്ലാതെ രണ്ടാളും വേര്‍പിരിഞ്ഞു. വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ എന്താണ് കാരണമെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. ഒത്തുപോവാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നായിരുന്നു ലിസി പറഞ്ഞപ്പോള്‍ അവരുടെ തീരുമാനം അതാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. അവര്‍ സന്തോഷത്തോടെ ഇരിക്കണമെന്നാണ് ആഗ്രഹം എന്നായിരുന്നു മക്കള്‍ തുറന്നു പറഞ്ഞത്. വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ എല്ലാക്കാര്യങ്ങളിലും ഇവര്‍ ഒന്നിക്കാറുണ്ട്. അടുത്തിടെ മകന്റെ വിവാഹം നടന്നപ്പോള്‍ ലിസിയും പ്രിയനും ഒന്നിച്ചെത്തി, ഇവര്‍ ഒരുമിച്ചുള്ള കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
പരസ്പര ബഹുമാനത്തോടെ ഇടപെട്ടിരുന്ന ഇവര്‍ ഇടയ്ക്ക് ചില പരിപാടികളില്‍ ഒന്നിച്ചെത്തിയിരുന്നു. അടുത്തിടെ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇവരൊന്നിച്ചെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞു. ലിസിയുടെ കൈപിടിച്ച്‌നടന്ന് നീങ്ങിയ പ്രിയന്റെ ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായി. അന്നുമുതല്‍ ഇവര്‍ വീണ്ടും ഒന്നായോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നു വന്നത്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ലിസിയുടെയും പ്രിയദര്‍ശന്റെയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയായ പാട്രിയറ്റിന്റെ ഡബ്ബിംഗിനായി ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് എത്തിയ സമയത്ത് പകര്‍ത്തിയതായിരുന്നു ചിത്രം. മമ്മൂക്ക അന്നത്തെ പോലെ മുപ്പതുകാരന്റെ എനര്‍ജിയുമായാണ് എത്തിയത് എന്നാണ് ലിസി ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചിരിക്കുന്നത്.
‘‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രമായ പാട്രിയറ്റിന്റെ ശബ്ദ റെക്കോർഡിംഗിനായി ലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ ശ്രീ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും ബഹുമാനവുമുണ്ട്... മമ്മൂക്ക എക്കാലത്തെയും പോലെ ആകർഷകമായി കാണപ്പെട്ടു - അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയ ഊർജ്ജവും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. ഈ സാന്നിധ്യം ഒരു മാജിക്കലായി തോന്നി... ഈ ദർശനം സ്‌ക്രീനിലേക്ക് കൊണ്ടുവരുന്ന മുഴുവൻ ടീമിനും ആശംസകൾ...’’ എന്നാണ് മമ്മൂട്ടിക്കും പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കിട്ട് ലിസി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് അപ്പുറവും ലിസിയും പ്രിയദര്‍ശനും നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടാണ് ഈ പോസ്റ്റ്.
നിമിഷനേരം കൊണ്ട് വൈറലായി മാറിയ ചിത്രം കണ്ട്, ‘ഇത് ലിസി തന്നെയാണോ, ജയഭാരതിയെപ്പോലെയുണ്ട്. ഇത് വിദ്യഭാരതിയാണോ, ലിസിയുടെ മുഖത്ത് നല്ല മാറ്റങ്ങളുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍.
അച്ഛനെപ്പോലെ തന്നെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ മകന്‍ താത്പര്യം കാണിച്ചപ്പോള്‍ മകള്‍ കല്യാണി അമ്മയെപ്പോലെ അഭിനയമാണ് കരിയറാക്കിയത്. തെലുങ്കിലൂടെ തുടങ്ങി മലയാളത്തിലും തിളങ്ങി നില്‍ക്കുകയാണ് കല്യാണിയിപ്പോള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛന്റെ സിനിമയിലും കല്യാണി അഭിനയിച്ചിരുന്നു. ഇടക്കാലത്ത് അമ്മയും മകളും പരസ്യത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഫോട്ടോഷൂട്ടുകളിലും ഇവരൊന്നിച്ചെത്താറുണ്ട്.
സിബി മലയിലിന്റെ മകന്റെ വിവാഹത്തില്‍ ഇവര്‍ ഒന്നിച്ചെത്തിയതിനെക്കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകള്‍. ‘‘ആദ്യം ലിസിയെ ആണ് വിവാഹത്തിന് ക്ഷണിച്ചത്. പ്രിയനൊപ്പമായി വരാമെന്നായിരുന്നു ലിസി പറഞ്ഞത്. അവരുടെ ഒന്നാവലിന് ഈ വിവാഹം നിമിത്തമായതില്‍ സന്തോഷം...’’ എന്നായിരുന്നു സിബി മലയില്‍ അന്ന് പ്രതികരിച്ചത്.
ലിസിയുടെ 16-ാം വയസ്സില്‍ ‘ഓടരുതമ്മാവാ ആളറിയാം’ സെറ്റില്‍ വെച്ചായിരുന്നു പ്രിയനും ലിസിയും ആദ്യം കാണുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് പിന്നില്‍ തള്ളിയാണ് രണ്ടാളും വിവാഹിതരായത്. ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് ലിസിയാണെന്ന് പ്രിയദര്‍ശന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇവര്‍ ഒരുമിക്കാന്‍ പ്രേക്ഷകര്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആ പ്രാര്‍ത്ഥന സഫലമായതില്‍ സന്തോഷിക്കുകയാണ് ആരാധകര്‍.