-->
ബോളിവുഡിലെ ‘ഹീ-മാൻ’ എന്ന് അറിയപ്പെടുന്ന നടൻ ധർമ്മേന്ദ്ര, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്. ഹിന്ദി സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ധരംജി. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 300-ൽ അധികം സിനിമകളിൽ അഭിനയിച്ച താരം ഇക്കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. അരനൂറ്റാണ്ടിലേറെ കാലം ബോളിവുഡ് സിനിമ അടക്കി ഭരിച്ച നായകന്റെ വേര്‍പാട് ബോളിവുഡിലെ വലിയൊരു ഇരിപ്പിടമാണ് ശൂന്യമാക്കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് 98-ാമത് അക്കാദമി അവാർഡുകൾ ലോസ് ഏഞ്ചൽസിൽ വച്ച് നടന്നത്. ഇന്ത്യന്‍ ആരാധകര്‍ അവാര്‍ഡ് നിശ ആസ്വദിച്ചെങ്കിലും 2026 ലെ ഓസ്‌കാർ പ്രക്ഷേപണ സമയത്ത് ധർമ്മേന്ദ്രയ്ക്ക് പരാമർശം ലഭിക്കാത്തതിൽ പലരും നിരാശ പ്രകടിപ്പിച്ചു. ധർമ്മേന്ദ്രയും മനോജ് കുമാറും ഓസ്‌കാർ വെബ്‌സൈറ്റിലെ ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പക്ഷേ തത്സമയ സംപ്രേക്ഷണ സമയത്ത് നടനെ ഉൾപ്പെടുത്തിയില്ലെങ്കിലും, ധരംജിയുടെ പേര് വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ചടങ്ങിനിടെ ആദരാഞ്ജലികളിൽ നിന്ന് ഇന്ത്യൻ നടൻ ധർമ്മേന്ദ്രയുടെ പേര് ഒഴിവാക്കിയതിനെപ്പറ്റി തുറന്നു പറയുകയാണ് താരത്തിന്റെ ഭാര്യയും നടിയുമായ ഹേമ മാലിനി പ്രതികരിച്ചിരിക്കുകയാണ്. ഹേമ മാലിനി തന്റെ നിരാശ പ്രകടിപ്പിക്കുന്നതിനൊപ്പം അതിനെ ‘ലജ്ജാകരം’ എന്ന് വിളിക്കുകയും ചെയ്തു.
‘‘തീർച്ചയായും ഇത് ലജ്ജാകരമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്രയധികം ആളുകൾക്ക് അർത്ഥമാക്കുന്ന ഒരു നടനെ അവർ അവഗണിച്ചത് അവർക്ക് നാണക്കേടാണ്. ധരംജി എല്ലായിടത്തും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.
ജീവിതകാലത്ത് അദ്ദേഹത്തിന് ഒരിക്കലും വളരെയധികം അവാർഡുകൾ ലഭിച്ചിട്ടില്ല. ഓസ്‌കാറുകളെക്കുറിച്ച് അദ്ദേഹം എന്തിന് ശ്രദ്ധിക്കണം? നമ്മുടെ രാജ്യത്ത് സ്നേഹിക്കപ്പെടുന്നതിൽ ഞങ്ങൾ രണ്ടുപേർക്കും സന്തോഷമുണ്ടായിരുന്നു. പക്ഷേ അവാർഡുകൾ എപ്പോഴും അദ്ദേഹത്തെ ഒഴിവാക്കി. ലാൽ പത്തർ, മീര എന്നീ ചിത്രങ്ങളിലെ എന്റെ മികച്ച പ്രകടനത്തിന് എനിക്ക് പോലും ഒരു അവാർഡും ലഭിച്ചില്ല...
വ്യക്തിപരമായി ധരം ജി ഇതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല... അദ്ദേഹത്തിന്റെ ആരാധകരുടെ സ്നേഹം എല്ലാറ്റിനുമുപരിയായിരുന്നു. എല്ലാവരുടെയും കരുതലിനും ഇപ്പോഴും അദ്ദേഹത്തെ ഇത്രയും വാത്സല്യത്തോടെ ഓർമ്മിക്കുന്നതിനും ഞാൻ നന്ദി പറയുന്നു. ധർമ്മേന്ദ്രയോട് ആളുകൾക്ക് ഉള്ള സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്...” ഹേമമാലിനി പറഞ്ഞു.
ഓസ്‌കാർ സംപ്രേക്ഷണത്തിനുശേഷം, ധരം ജിയുടെ അവഗണനയെക്കുറിച്ച് പലരും വിമര്‍ശന പോസ്റ്റുകള്‍ പങ്കിട്ടിരുന്നു. ‘ഓസ്കാർ അവാർഡുകളോ അതോ വെറുമൊരു ഹോളിവുഡ് പിആർ ഷോയോ? 60 വർഷത്തെ സിനിമാ ജീവിതത്തിനു ശേഷമുള്ള ‘ഇൻ മെമ്മോറിയം’ ആദരാഞ്ജലിയിൽ ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയെ അവഗണിച്ചത് അപമാനകരമാണ്..., കഴിഞ്ഞ വർഷം അന്തരിച്ച ആളുകളുടെ ഒരു പട്ടിക ഓസ്‌കാറിൽ ഉണ്ടായിരുന്നു, എന്നാൽ സിനിമയ്ക്കായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ഇതിഹാസ ഇന്ത്യൻ നടൻ ധർമ്മേന്ദ്രയെക്കുറിച്ച് പരാമർശിച്ചില്ല. നമ്മുടെ ഐക്കണുകൾക്ക് അംഗീകാരം ലഭിക്കാത്തപ്പോൾ എന്തിനാണ് ഇത്രയധികം ഹൈപ്പ്? എല്ലാത്തിനുമുപരി, ഇത് പ്രധാനമായും ഒരു ഹോളിവുഡ് ഷോയാണ്, യഥാർത്ഥത്തിൽ അന്താരാഷ്ട്ര തലത്തിലുള്ളതല്ല...’ എന്നതടക്കമാണ് കമന്റുകള്‍.