-->
ദോഹ: ആഗോള സാമ്പത്തിക ഭദ്രതയിൽ ഖത്തർ വീണ്ടും കരുത്തുറ്റ മുന്നേറ്റം തുടരുന്നു. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്‌സ് (Fitch Ratings), ഖത്തറിന്റെ ക്രെഡിറ്റ് റേറ്റിംഗ് 'AA' ആയി സ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന 'സ്റ്റേബിൾ ഔട്ട്‌ലുക്ക്' (Stable Outlook) ആണ് ഏജൻസി നൽകിയിരിക്കുന്നത്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അളക്കുന്ന 'ഗ്രേഡ്' ആണ് ഈ AA.ഒരു രാജ്യം മറ്റു രാജ്യങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ കടമെടുത്താൽ അത് കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ആ രാജ്യത്തിന് എത്രത്തോളം ശേഷിയുണ്ട് എന്നതാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. 'AA' എന്നത് വളരെ ഉയർന്ന (High Quality) റേറ്റിംഗാണ്.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ യുദ്ധം ഉയർത്തുന്ന വെല്ലുവിളികളും ഖത്തറിന്റെ സാമ്പത്തിക നിലയെ കാര്യമായി ബാധിക്കില്ലെന്ന് ഫിച്ച് വിലയിരുത്തുന്നു.
മേഖലയിലെ തർക്കങ്ങൾ ഒരു മാസത്തിൽ താഴെ മാത്രമേ നീണ്ടുനിൽക്കാൻ സാധ്യതയുള്ളൂ എന്നാണ് ഫിച്ചിന്റെ നിഗമനം. ഈ കാലയളവിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നാലും, ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഗ്യാസ് ഉൽപാദനം പൂർവ്വസ്ഥിതിയിലാക്കാൻ ഖത്തറിന് സാധിക്കും.
ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിലും ഖത്തറിന്റെ സാമ്പത്തിക നയങ്ങളും ഊർജ്ജ കയറ്റുമതിയിലെ മുൻതൂക്കവുമാണ് ഈ മികച്ച നേട്ടം നിലനിർത്താൻ സഹായിച്ചത്
ഖത്തറിന്റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഉൽപാദനത്തിൽ വരാനിരിക്കുന്ന വൻ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക
അടിത്തറയെ കൂടുതൽ ശക്തമാക്കും
ഷഫീക്ക് അറയ്ക്കൽ