Sunday, March 15, 2026 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 02.04 PM

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ടപ്രഹരം; ഇന്ധനക്ഷാമത്തിനൊപ്പം പ്രവാസി വരുമാനത്തിലും ആശങ്ക

uploads/news/2026/03/830348/h.jpg

ദോഹ:ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഗൾഫിലെ 91 ലക്ഷം പ്രവാസികൾക്കും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്കൻ ബോംബാക്രമണം ഉണ്ടായതും ഹോർമുസ് കടൽ ഇടുക്ക് ഇറാൻ അടച്ചതും ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 91 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലുമാണ് പ്രധാന ആശങ്ക.പ്രതിവർഷം 50 ബില്യൺ ഡോളറാണ് (ഏകദേശം 4 ലക്ഷം കോടി രൂപ) പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്. യുദ്ധം നീണ്ടുനിന്നാൽ ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കും.
യുദ്ധം രൂക്ഷമായാൽ ഇത്രയും വലിയൊരു ജനവിഭാഗത്തെ നാട്ടിലെത്തിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ ദൗത്യമാണെന്ന് മുൻ നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 1990-ൽ കുവൈറ്റിൽ നിന്ന് 2 ലക്ഷം പേരെ ഒഴിപ്പിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ സാഹചര്യം അതിനേക്കാൾ എത്രയോ മടങ്ങ് സങ്കീർണ്ണമാണ്.യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ ഇന്ധനം എത്തിക്കേണ്ടി വരും. എന്നാൽ ഗൾഫിൽ നിന്നുള്ള പ്രവാസി വരുമാനത്തിലുണ്ടാകുന്ന ഇടിവ് നികത്താൻ എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) ഏകദേശം 30 ശതമാനത്തോളം വരുന്നത് പ്രവാസി വരുമാനത്തിൽ നിന്നായതിനാൽ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകരും.ഗൾഫിലെ എണ്ണ-വാതക മേഖലകൾ സ്തംഭിക്കുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ തൊഴിൽ നഷ്ടപ്പെടും. ഇത് കേരളത്തിലെ ഓരോ സാധാരണ കുടുംബത്തിന്റെയും നിത്യച്ചെലവിനെയും മക്കളുടെ വിദ്യാഭ്യാസത്തെയും ബാധിക്കും.
കേരളത്തിലെ ബാങ്കുകളിലുള്ള എൻ.ആർ.ഐ (NRI) നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെടുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കും.1990-ലെ കുവൈറ്റ് യുദ്ധകാലത്ത് കേരളം നേരിട്ടതിനേക്കാൾ എത്രയോ മടങ്ങ് വലിയ ആഘാതമായിരിക്കും ഈ യുദ്ധം ഉണ്ടാക്കുക. കേരളത്തിന്റെ "മണി ഓർഡർ എക്കണോമി"യുടെ
നിലനിൽപ്പ് തന്നെ ഈ സംഘർഷത്തിന്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Sunday 15 Mar 2026 02.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW