-->
തൃശൂര്‍: സിറ്റിങ് എം.എല്‍.എ: സി.സി. മുകുന്ദനു നാട്ടിക സീറ്റില്‍ പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ടു തീരുമാനത്തിലെത്താനാവാതെ കോണ്‍ഗ്രസ് നേതൃത്വം. നാട്ടികയില്‍ മത്സരരംഗത്തിറങ്ങുമെന്നു പ്രഖ്യാപിച്ച മുകുന്ദനെ പിന്തുണയ്‌ക്കണമെന്ന് ജില്ലയില്‍ ഒരു വിഭാഗം പറയുമ്പോള്‍ മറുവിഭാഗം ഇതിനെ എതിര്‍ക്കുകയാണ്. ഇതോടെ എം.പിമാരുടെ മത്സര കാര്യത്തിലെന്നപോലെ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയത്തിലും പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലായി.
നാട്ടികയില്‍ പാര്‍ട്ടിക്കു സ്‌ഥാനാര്‍ഥിയുണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞതു മുകുന്ദനു കോണ്‍ഗ്രസ് പിന്തുണയുണ്ടാകില്ലെന്ന അഭ്യൂഹത്തിനു ശക്‌തിപകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുകുന്ദന്‍ ചര്‍ച്ചയ്‌ക്കായി ഡല്‍ഹിയിലെത്തിയെങ്കിലും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്‌ചയൊന്നും നടന്നില്ല. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരെ കണ്ടുമടങ്ങേണ്ടി വന്നു.
എന്തായാലും ഏതാനും ദിവസംകൂടി കോണ്‍ഗ്രസ് തീരുമാനത്തിനു കാക്കാമെന്ന നിലപാടിലാണ് മുകുന്ദന്‍. തനിച്ച് മത്സര രംഗത്തിറങ്ങാനുള്ള സാമ്പത്തിക ശേഷി മുകുന്ദനില്ല. അതിനാല്‍, കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍, ബി.ജെ.പി. പിന്തുണയടക്കമുള്ള സാധ്യതകള്‍ മുകുന്ദനു പരിഗണിക്കേണ്ടിവരും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍, മുകുന്ദനെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കമാന്‍ഡ് വിഷയം പരിഗണിക്കുന്നതിനാല്‍ ജില്ലയിലെ നേതാക്കളാരും പരസ്യപ്രതികരണങ്ങള്‍ക്കു മുതിരുന്നില്ല.
എന്നാലും ചിലരെല്ലാം മുകുന്ദന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളെ അറിയിക്കുന്നുണ്ട്. അതേസമയം, മുകുന്ദന്‍ സ്വതന്ത്രനായി മത്സരിക്കുകയും കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്യുന്നതാണ് ഗുണകരമെന്ന് ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ നാട്ടിക മണ്ഡലത്തില്‍ നാലായിരം വോട്ടിന്റെ ലീഡ് മാത്രമേ എല്‍.ഡി.എഫിനുള്ളൂ.
സ്വതന്ത്രനായി മത്സരിക്കുന്ന മുകുന്ദന്‍ പിടിക്കുന്ന വോട്ട് സ്വഭാവികമായും എല്‍.ഡി.എഫിന്റേതാകും. പതിനായിരം വോട്ടെങ്കിലും മുകുന്ദന്‍ സമാഹരിച്ചാല്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്‌ചിതമാകുമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി മുകുന്ദന്റെ പ്രചാരണത്തിനു പോസ്‌റ്റര്‍ അടിച്ചുകൊടുക്കുന്നത് അടക്കമുള്ള ഇടപെടല്‍ നടത്താമെന്നും ഇവര്‍ പറയുന്നു. ഇതിനോടു മുകുന്ദനു താല്‍പ്പര്യമില്ല. മുകുന്ദനെ സ്‌ഥാനാര്‍ഥിയാക്കി യു.ഡി.എഫ്. പിന്തുണ നല്‍കിയാല്‍ എളുപ്പം ജയിച്ചു കയറാമെന്നു കോണ്‍ഗ്രസിലെ മറു വിഭാഗം കണക്കുനിരത്തി വാദിക്കുന്നു. പിന്തുണ നല്‍കിയില്ലെങ്കില്‍ ബി.ജെ.പി. റാഞ്ചിയേക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.
ഏതാനും നാളുകളായി ജില്ലയിലെ സി.പി.ഐ. നേതൃത്വത്തിന് അനഭിമതനാണ് മുകുന്ദന്‍. ആദ്യ ടേം കഴിഞ്ഞപ്പോള്‍തന്നെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി രംഗത്തിറങ്ങിയത്.
നാട്ടിക മണ്‌ഡലം കമ്മിറ്റിയില്‍നിന്നു രാജിവച്ച മുകുന്ദനെ പിന്നാലെ സി.പി.ഐയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. രണ്ടു തവണ മത്സരിച്ച ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് ഇക്കുറി സി.പി.ഐ. തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മറുപടി അനുകൂലമല്ലെങ്കില്‍തന്നെ പിന്തുണയ്‌ക്കുന്നവരുടെ യോഗം വിളിച്ചുചേര്‍ത്തു മുകുന്ദന്‍ തുടര്‍ തീരുമാനങ്ങളെടുക്കും.
മുന്നണികളുടെ പിന്‍ബലമില്ലാതെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ഒരു വിഭാഗം മുകുന്ദനോട് ആവശ്യപ്പെട്ടതായായും വിവരമുണ്ട്. കോണ്‍ഗ്രസ് പിന്തുണക്കാന്‍ തയാറായില്ലെങ്കില്‍ മുകുന്ദന്‍ ബി.ജെ.പി. പാളയത്തിലെത്തുമെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കള്‍ ബന്ധപ്പെട്ടതായി മുകുന്ദനും സ്‌ഥിരീകരിക്കുന്നുണ്ട്.