-->
ജോധ്‌പുര്‍: കാലാവസ്‌ഥാ പ്രവര്‍ത്തകനായ സോനം വാങ്‌ചുക്(59) ജയില്‍മോചിതനായി. ലഡാക്കില്‍ അക്രമം അഴിച്ചുവിട്ടുവെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ.) പ്രകാരം ആറ് മാസത്തോളം തടവിലായിരുന്നു അദ്ദേഹം.
സെപ്‌റ്റംബര്‍ 26ന്, ലഡാക്കിന് സംസ്‌ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയും നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. രണ്ട് ദിവസത്തിന് ശേഷമാണ് വാങ്‌ചുക് തടവിലായത്. വാങ്‌ചുക് സ്‌ഥാപിച്ച ഒരു സ്‌ഥാപനത്തിനെതിരേ സി.ബി.ഐ. പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
വാങ്‌ചുക്കിനെ തടവിലാക്കിയതിനെതിരേ ഭാര്യ ഫയല്‍ ചെയ്‌ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിനു മോചനം ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ തടവ് ശിക്ഷ റദ്ദാക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം, ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം ഒരു മണിയോടെ വാങ്‌ചുക് ഭാര്യയോടൊപ്പം സ്വകാര്യ വാഹനത്തില്‍ യാത്ര തിരിച്ചു.