Sunday, March 15, 2026 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

ശമ്പളം വെട്ടിക്കുറച്ച്‌ പ്രതിസന്ധി മറികടക്കാന്‍ പാകിസ്‌താന്‍

ലാഹോര്‍: ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള ചെലവുചുരുക്കല്‍ നടപടി ശക്‌തമാക്കി പാകിസ്‌താന്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വയംഭരണ സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ചുമുതല്‍ 30 വരെ ശതമാനം വെട്ടിക്കുറയ്‌ക്കാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷെരീഫ്‌ അംഗീകാരം നല്‍കി.
യു.എസ്‌-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ധനവില കുത്തനെ വര്‍ധിച്ചതോടെ ഈയാഴ്‌ച ആദ്യമാണ്‌ പാകിസ്‌താന്‍ ചെലവുചുരുക്കല്‍ നടപടി പ്രഖ്യാപിച്ചത്‌. ഇതേക്കുറിച്ചുള്ള വിലയിരുത്തലിനായി ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനം.
ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതവും ചെലവ്‌ കുറയ്‌ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും യോഗം അവലോകനം ചെയ്‌തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമേ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സംരംഭങ്ങള്‍, സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും ശമ്പളത്തില്‍ കുറവ്‌ വരുത്താനാണ്‌ യോഗത്തില്‍ തീരുമാനമെന്ന്‌ പാക്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ചെലവുചുരുക്കല്‍ നടപടികളിലൂടെ ലാഭിക്കുന്ന ഫണ്ട്‌ പൊതുജന ക്ഷേമത്തിനു മാത്രമേ ഉപയോഗിക്കൂവെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധനവിഹിതത്തില്‍ 50 ശതമാനം കുറവ്‌ വരുത്തുന്നതിനായി പത്യേക മേല്‍നോട്ട സംവിധാനം ഉണ്ടാകുമെന്നും അടുത്ത രണ്ടു മാസത്തേക്ക്‌ ഇതിലെ 60 ശതമാനം വാഹനങ്ങള്‍ റോഡുകളില്‍നിന്ന്‌ മാറ്റുമെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കോര്‍പ്പറേഷനുകളുടെയും സ്‌ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇനി പങ്കാളിത്ത ഫീസ്‌ ലഭിക്കില്ല. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന്റെയും സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പര്‍ച്ചേസുകളുടെയും നിരോധനം നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ വിശദീകരണമുണ്ടായി. കാബിനറ്റ്‌ അംഗങ്ങള്‍, മന്ത്രിമാര്‍, ഉപദേഷ്‌ടാക്കള്‍, സ്‌പെഷല്‍ അസിസ്‌റ്റന്റുമാര്‍ എന്നിവരുടെ അടുത്ത രണ്ടു മാസത്തെ ശമ്പളം പൊതുജനക്ഷേമത്തിനുള്ള സമ്പാദ്യമായി ഉപയോഗിക്കും. ഈ വിഭാഗത്തിലുള്ളവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കും പൂര്‍ണ നിരോധനം നിലനില്‍ക്കുമെന്ന്‌ പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ പ്രസ്‌താവനയില്‍ പറയുന്നു.
പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാമ്പത്തിക ആഘാതം പാകിസ്‌താനില്‍ രൂക്ഷമാണ്‌. പെട്രോള്‍ വില ലിറ്ററിന്‌ 55 രൂപ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന്‌ ഇന്ധന ഉപഭോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ സര്‍ക്കാര്‍ ആരംഭിച്ചു.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW