-->
ടെഹ്‌റാന്‍: ഇറാന്‍ യുദ്ധം അതിവേഗം തീര്‍ക്കാമെന്ന യു.എസിന്റെ പ്രതീക്ഷ മങ്ങുന്നു. രണ്ടാഴ്‌ച പിന്നിട്ടിട്ടും സമധാനത്തിനുള്ള സാധ്യതകളൊന്നും തെളിഞ്ഞിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിട്ടും രാജ്യം വീണിട്ടില്ല.
ഹോര്‍മുസ് കടലിടുക്കില്‍ തടസം സൃഷ്‌ടിച്ച് ലോക സമ്പദ്‌വ്യവസ്‌ഥയെ ഈ യുദ്ധത്തിന്റെ മുന്നണിയിലേക്ക് ഇറാന്‍ കൊണ്ടുവന്നിരിക്കുന്നു. ഖമനേയിയെ വധിച്ചതിലൂടെ നേടിയ മുന്‍തൂക്കം യു.എസിനു തുടരാനായില്ല. വാഷിങ്‌ടണിന് പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയാത്ത സംഘര്‍ഷത്തിലേക്ക് യുദ്ധം വഴിമാറിയിരിക്കുന്നു. ഇത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും തിരിച്ചടിയാണ്.
രണ്ട് ആഴ്‌ചയോളമായി നടക്കുന്ന രക്‌തരൂക്ഷിതമായ വ്യോമാക്രമണത്തില്‍, ഇറാന്റെ കൈവശം ധാരാളം കരുക്കള്‍ ഉണ്ട്. അവര്‍ ലോകത്തിന്റെ എണ്ണ വിതരണം തടയുകയും, യു.എസിന്റെ സഖ്യകക്ഷികളെ ആക്രമിക്കുകയും ചെയ്യുന്നു.
ഫെബ്രുവരി 28 ന് യുദ്ധം തുടങ്ങിയപ്പോള്‍ യു.എസ്. വന്‍ മുന്നേറ്റമാണു നടത്തിയത്. വര്‍ഷങ്ങളായുള്ള ചാരവൃത്തിയുടെയും ആസൂത്രണത്തിന്റെയും ഫലമായി നടന്ന ആക്രമണങ്ങളില്‍ ഖമനേയിയും ഡസന്‍ കണക്കിന് ഉന്നത ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. ഇറാന്‍ ഭരണകൂടം വേഗത്തില്‍ പുതിയ പരമോന്നത നേതാവിനെ നിയമിച്ചു. അതിന്റെ വികേന്ദ്രീകൃത 'മോസൈക്ക് പ്രതിരോധം' സൈന്യത്തിന് കാര്യമായ തടസമില്ലാതെ തിരിച്ചടിക്കാന്‍ അനുവാദം നല്‍കി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇറാഖിലെയും അഫ്‌ഗാനിസ്‌ഥാനിലെയും സര്‍ക്കാരുകളെ പുറത്താക്കിയതിന് ശേഷം 2005ല്‍ വികസിപ്പിച്ചെടുത്ത സൈനിക സിദ്ധാന്തമാണ് 'മോസൈക്ക് പ്രതിരോധം'. വികേന്ദ്രീകൃത സൈനിക കമാന്‍ഡിനെ ഉപയോഗിച്ചു യുദ്ധം ചെയ്യുകയാണ് ആ തന്ത്രത്തിലുള്ളത്. മുതിര്‍ന്ന നേതാക്കളെ നഷ്‌ടപ്പെട്ടെങ്കിലും ഇറാന്റെ പ്രതിരോധം പൂര്‍ണമായി തകര്‍ന്നില്ല. അതിജീവനം ഉറപ്പാക്കുക. പോരാട്ടത്തില്‍ തുടരാന്‍ ആവശ്യമായ തിരിച്ചടി ശേഷി നിലനിര്‍ത്തുക. സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുക എന്നിവയാണ് ഈ തന്ത്രത്തിന്റെ നേട്ടം. യുദ്ധം നീണ്ടുപോകുന്നത് ട്രംപിനു തലവേദനയായി മാറിക്കഴിഞ്ഞു. യുദ്ധത്തില്‍ യു.എസ.് സഖ്യകക്ഷികള്‍ ഉള്‍പ്പെട്ടിരിക്കുന്നു, കൂടാതെ നാട്ടിലും വിദേശത്തും ജീവിതെച്ചലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മിസൈലുകളും താരതമ്യേന ചെലവുകുറഞ്ഞ ഡ്രോണുകളുടെ വലിയ ശേഖരവും ഉപയോഗിച്ച്, ഇറാന്‍ ദുബായിലെ മറീനയിലും കടലിലെ എണ്ണ ടാങ്കറുകളിലും ആക്രമണം നടത്തി. ഇത് യുദ്ധം ഗള്‍ഫിലെ യു.എസ്. സഖ്യകക്ഷികളിലേക്കും തുര്‍ക്കി, സൈപ്രസ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
അതേസമയം ലെബനോനില്‍, ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബുള്ള എന്ന സായുധ ഗ്രൂപ്പ് ഇസ്രയേലുമായി മിസൈല്‍ യുദ്ധം നടത്തുന്നു. ഇറാന്‍ സൈന്യം ലോകത്തിന്റെ അസംസ്‌കൃത എണ്ണ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് അടച്ചു. യു.എസ്. മുതല്‍ ബംഗ്ലാദേശ്, നൈജീരിയ വരെയുള്ള രാജ്യങ്ങളില്‍ എണ്ണ, പെട്രോള്‍ വില കുതിച്ചുയരുകയോ റേഷനിങ് ആരംഭിക്കുകയോ ചെയ്‌തിട്ടുണ്ട്.
വ്യോമഗതാഗതം മന്ദഗതിയിലാകുകയും വിദേശികള്‍ ഗള്‍ഫ് മേഖലയില്‍നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു. അവിടെ ബിസിനസ് സൗഹൃദപരമായ സ്‌ഥിരത എന്ന പ്രതിച്‌ഛായയ്‌ക്ക് വലിയ തിരിച്ചടിയേറ്റു. ലോകമെമ്പാടുമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ ഏകദേശം 400 ദശലക്ഷം ബാരല്‍ തന്ത്രപ്രധാന ഇന്ധന ശേഖരം പുറത്തുവിട്ടെങ്കിലും, അത് പ്രയാസം ലഘൂകരിച്ചില്ല. ബംഗ്ലാദേശില്‍ ഇന്ധനം റേഷനിങ്ങും കലാപം തടയാന്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്‌തു. ലോകമെമ്പാടുമുള്ള പ്രത്യാഘാതങ്ങള്‍ വാഷിങ്‌ടണിന്റെ തന്ത്രത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇറാന്‍ 'നിരുപാധികം' കീഴടങ്ങാന്‍ ട്രംപ് ആവശ്യപ്പെടുന്നുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യു.എസ്. സൈനിക നടപടിയിലൂടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പുറത്താക്കിയിരുന്നു. അതു നല്‍കിയ ആത്മവിശ്വാസമാണ് ഇറാന്‍ യുദ്ധത്തിലേക്ക് ചാടാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. എണ്ണ, ഷിപ്പിങ് ഭീഷണികള്‍ വഴി വന്‍ സമ്മര്‍ദങ്ങള്‍ ചെലുത്താന്‍ ഇറാന് ഇനിയും കഴിയും. യെമനിലെ ഹൂതികള്‍ വഴി അവര്‍ മുമ്പ് ചെങ്കടലിലൂടെയുള്ള ഷിപ്പിങ് തടസപ്പെടുത്തിയിരുന്നു. യു.എസിലും ട്രംപ് ഭീഷണി നേരിടുന്നുണ്ട്.
വരാനിരിക്കുന്ന യു.എസ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണ് അതില്‍ പ്രധാനം. ഇറാനില്‍ ഭരണകൂടത്തെ മാറ്റാനുള്ള ട്രംപിന്റെ ശ്രമം ഇപ്പോഴും അകലെയാണ്. ഭരണകൂടത്തെ പുറത്താക്കാന്‍ ട്രംപ് ആഹ്വാനം ചെയ്‌തെങ്കിലും പ്രക്ഷോഭകാരികള്‍ ഇപ്പോള്‍ നിശബ്‌ദരാണ്. ഖമനേയി വധവും ഇറാന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തിയതും നേട്ടമായി ചിത്രീകരിച്ച് പിന്മാറാനും ട്രംപിന് കഴിയില്ല. അതിനുള്ള ഒരു സാധ്യതയും ഇറാന്‍ നല്‍കുന്നില്ല. ശേഷിക്കുന്ന സാധ്യത കൂടുതല്‍ ശക്‌തമായ യുദ്ധമാണ്.