-->
വാഷിങ്‌ടണ്‍: ഇറാനിലെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് പൂര്‍ണമായി തകര്‍ത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങളുടെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ ് അവകാശവാദം ഉന്നയിച്ചത്. 'ഇതാ, എന്റെ നിര്‍ദേശപ്രകാരം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മധ്യേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്‌തമായ ബോംബാക്രമണങ്ങളിലൊന്ന് നടത്തി, ഇറാന്റെ കിരീടത്തിലെ പൊന്‍തൂവലായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂര്‍ണമായി നശിപ്പിച്ചു. മാന്യതയുടെ പേരില്‍ ദ്വീപിന്റെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടില്ല. എന്നാല്‍, ഇറാനോ മറ്റാരെങ്കിലുമോ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് ഏതെങ്കിലും തരത്തില്‍ തടസം സൃഷ്‌ടിച്ചാല്‍, ഞാന്‍ ആ തീരുമാനം ഉടനടി പുനഃപരിശോധിക്കും'- അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ട്രംപ് പുറത്തുവിട്ടു. ഖാര്‍ഗ് ദ്വീപില്‍ കുറഞ്ഞത് 15 സ്‌ഫോടനങ്ങള്‍ നടന്നതായും കട്ടിയുള്ള പുക ഉയരുന്നതായും ഇറാനിയന്‍ അര്‍ദ്ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്‌തു. ഒരു വ്യോമ പ്രതിരോധ കേന്ദ്രം, നാവിക താവളം, വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍, ഓഫ്‌ഷോര്‍ ഓയില്‍ കമ്പനിയുടെ ഹെലികോപ്‌റ്റര്‍ ഹാംഗര്‍ എന്നിവയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്നും, എന്നാല്‍ എണ്ണ നിക്ഷേപങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.
ചെറിയ പവിഴ ദ്വീപാണ് ഖാര്‍ഗ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രം കൂടിയാണ്. യുദ്ധം ആരംഭിച്ച മുതല്‍ ഇറാന്‍ ഇവിടെനിന്ന് 13.7 ദശലക്ഷം ബാരല്‍ എണ്ണ കയറ്റി അയച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിട്ടും പല ടാങ്കറുകളും എണ്ണ നിറയ്‌ക്കാന്‍ ഖാര്‍ഗ് തീരത്തെത്തി. ഇറാന്‍ പ്രതിവര്‍ഷം 7800 കോടി ഡോളറിന്റെ വരുമാനം നേടുന്നത് എണ്ണയില്‍നിന്നാണ്. ചൈന പോലുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടക്കുന്നത്. ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടക്കുന്നത് ഇറാന്‍ ഭരണത്തെ ദോഷകരമായി ബാധിക്കും.
അതിനിടെ, ഇറാനുമായി യുദ്ധം ആരംഭിച്ച് രണ്ടാഴ്‌ചയ്‌ക്ക് ശേഷം, 2,500 അധിക സൈനികരെയും ഒരു അംഫിബിയസ് അസാല്‍ട്ട് ഷിപ്പും മധ്യേഷ്യയിലേക്ക് അയച്ചതായി ഒരു അമേരിക്കന്‍ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. 31ാം മറൈന്‍ എക്‌സ്‌പീഡിഷണറി യൂണിറ്റിലെയും അംഫിബിയസ് അസാല്‍ട്ട് ഷിപ്പ് യുഎസ്‌എസ് ട്രിപ്പോളിയിലെയും അംഗങ്ങള്‍ക്ക് മധ്യേഷ്യയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചതായി പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യു.എസ്. ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. യു.എസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം ആരംഭിച്ചതു മുതല്‍ ഇറാനില്‍ 32 ലക്ഷം വരെ ആളുകള്‍ പലായനം ചെയ്‌തിട്ടുണ്ടെന്നു യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു.