Sunday, March 15, 2026 Last Updated 24 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

ഇന്ധനക്ഷാമത്തിനൊപ്പം പ്രവാസി വരുമാനത്തിലും ആശങ്ക

ദോഹ: പശ്‌ചിമേഷ്യയിലെ യുദ്ധം രണ്ടാഴ്‌ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്കും ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു റിപ്പോര്‍ട്ട്‌. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ്‌ ഐലന്‍ഡില്‍ അമേരിക്കന്‍ ബോംബാക്രമണമുണ്ടായതും ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചതും ആഗോള ഊര്‍ജവിപണിയെ ഉലച്ചിരിക്കുകയാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 91 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലുമാണു പ്രധാന ആശങ്ക.
പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറാണ്‌ (ഏകദേശം 4 ലക്ഷം കോടി രൂപ) പ്രവാസികള്‍ ഇന്ത്യയിലേക്ക്‌ അയയ്‌ക്കുന്നത്‌. യുദ്ധം നീണ്ടുനിന്നാല്‍ ഇത്‌ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കും. ഇത്രയും വലിയൊരു ജനവിഭാഗത്തെ നാട്ടിലെത്തിക്കുകയെന്നത്‌ ഇന്ത്യയെ സംബന്ധിച്ച്‌ അസാധ്യമായ ദൗത്യമാണെന്ന്‌ മുന്‍ നയതന്ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നു. 1990ല്‍ കുവൈറ്റില്‍നിന്ന്‌ രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചത്‌ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായിരുന്നെങ്കില്‍, ഇപ്പോഴത്തെ സാഹചര്യം അതിനേക്കാള്‍ എത്രയോ മടങ്ങ്‌ സങ്കീര്‍ണമാണ്‌. യുദ്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചാല്‍ ഇന്ത്യക്ക്‌ റഷ്യയില്‍നിന്നോ അമേരിക്കയില്‍നിന്നോ ഇന്ധനം എത്തിക്കേണ്ടി വരും. ഗള്‍ഫില്‍നിന്നുള്ള പ്രവാസി വരുമാനത്തിലെ ഇടിവ്‌ നികത്താന്‍ എളുപ്പമാകില്ലെന്നാണു സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.
കേരളത്തിന്റെ ആഭ്യന്തര ഉത്‌പാദനത്തിന്റെ 30 ശതമാനത്തോളം വരുന്നത്‌ പ്രവാസി വരുമാനത്തില്‍ നിന്നാണ്‌. അതുകൊണ്ട്‌ പുതിയ സാഹചര്യത്തില്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല്‌ തകരാം. ഗള്‍ഫിലെ എണ്ണ-വാതക മേഖലകള്‍ സ്‌തംഭിക്കുന്നതോടെ ലക്ഷക്കണക്കിനു മലയാളികളുടെ തൊഴില്‍ നഷ്‌ടപ്പെടും. കേരളത്തിലെ നിരവധി സാധാരണ കുടുംബങ്ങളുടെ നിത്യച്ചെലവിനെയും മക്കളുടെ വിദ്യാഭ്യാസത്തെയും ഇതു ബാധിക്കും. സംസ്‌ഥാനത്തെ ബാങ്കുകളിലുള്ള എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നത്‌ സംസ്‌ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കും. കേരളത്തിന്റെ 'മണി ഓര്‍ഡര്‍ എക്കണോമി'യുടെ നിലനില്‍പ്പുതന്നെ ഈ സംഘര്‍ഷത്തിന്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW