Saturday, March 14, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

ആഭ്യന്തര ഉത്‌പാദനം വര്‍ധിച്ചു പാചകവാതകവിതരണത്തില്‍ ആശങ്ക വേണ്ടെന്ന്‌ കേന്ദ്രം

uploads/news/2026/03/830130/2.jpg

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍, യു.എസ്‌. ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത്‌ പാചകവാതകത്തിന്റെ ആവശ്യകതയില്‍ വന്‍വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. പരിഭ്രാന്തിമൂലം സിലിണ്ടറുകള്‍ ബുക്ക്‌ ചെയ്യുന്നത്‌ വര്‍ധിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
എല്‍.പി.ജിയുടെ ആഭ്യന്തര ഉത്‌പാദനം 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ പൂര്‍ണമായും ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു ലഭ്യമാക്കും. യുദ്ധം ആരംഭിക്കും മുമ്പ്‌ ശരാശരി 55.7 ലക്ഷമായിരുന്നു പ്രതിദിന എല്‍.പി.ജി. ബുക്കിങ്‌. നിലവില്‍ അത്‌ 75.7 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്‌. ഇത്‌ അനാവശ്യമായ ഭയത്തിന്റെ ലക്ഷണമാണെന്ന്‌ പെട്രോളിയം മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. 'അനാവശ്യമായ കിംവദന്തികള്‍ പരത്തരുതെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, 40,000 മെട്രിക്‌ ടണ്ണിലധികം എല്‍.പി.ജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ 'ശിവാലിക്‌' ഹോര്‍മുസ്‌ കടലിടുക്കില്‍നിന്ന്‌ രാത്രി വൈകി യാത്ര തിരിച്ചു. ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ്‌ കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്‌. 'ശിവാലിക്കി'ന്‌ പിന്നാലെ മറ്റൊരു എല്‍.പി.ജി കപ്പല്‍ കൂടി യാത്ര തിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്‌ ആവശ്യമായ എല്‍.പി.ജിയുടെ 60 ശതമാനവും വിദേശത്തുനിന്നാണ്‌ ലഭിച്ചിരുന്നത്‌. ഇതിന്റെ 90 ശതമാനവും ഇറാന്‍ ഇപ്പോള്‍ അടച്ചുപൂട്ടിയ ഹോര്‍മുസ്‌ കടലിടുക്ക്‌ വഴിയാണ്‌ എത്തിയിരുന്നത്‌. എന്നാല്‍, സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ അടച്ചതോടെ ചരക്കുനീക്കം നിലച്ചു. യുദ്ധം തുടങ്ങിയ ശേഷം പത്തോളം എണ്ണടാങ്കറുകള്‍ തകര്‍ക്കപ്പെട്ടു. ഇതോടെയാണ്‌ രാജ്യത്ത്‌ ഇന്ധനപ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക ശക്‌തമായത്‌.
ഇതേത്തുടര്‍ന്ന്‌ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്‍.പി.ജി സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ബദല്‍ വിതരണ പദ്ധതികള്‍ തയാറാക്കുന്നതിനുമായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്‌.ക്രൂഡ്‌ ഓയിലിന്റെ കാര്യത്തിലും ആശങ്ക വേണ്ടെന്നും സുജാത ശര്‍മ്മ പറഞ്ഞു. നിലവില്‍ 40 രാഷ്‌ട്രങ്ങളില്‍നിന്ന്‌ ഇന്ത്യ ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. പ്രതിദിന ആവശ്യമായ 5.5 ദശലക്ഷം ബാരലിനേക്കാള്‍ കൂടുതല്‍ എണ്ണ രാജ്യത്തേക്ക്‌ എത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW