-->
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ വിലക്കും ഭീഷണിയും തന്ത്രപൂര്‍വം മറികടന്ന ആദ്യ ചരക്കുകപ്പല്‍ ഇന്ത്യയില്‍. ഇന്ത്യക്കാരന്‍ ക്യാപ്‌റ്റനായ, ലൈബീരിയയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഷെന്‍ലോങ് എന്ന എണ്ണടാങ്കറാണ് അതിസാഹസികമായി ഹോര്‍മുസ് കപ്പല്‍ച്ചാല്‍ താണ്ടിയത്.
യു.എസ്-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണു തിരിച്ചടിയായി ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. വിലക്കു മറികടക്കുന്ന കപ്പലുകള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി. ഇതോടെ നൂറുകണക്കിനു ചരക്കുകപ്പലുകള്‍ കടലിടുക്കിന്റെ രണ്ടുഭാഗങ്ങളിലുമായി കുടുങ്ങി. അതിനിടയിലാണ് അതിവിദഗ്‌ധമായി ഇറാന്റെ കണ്ണുവെട്ടിച്ച് ഷെന്‍ലോങ് സുരക്ഷിതമായി ഇന്ത്യയില്‍ ചരക്കെത്തിച്ചത്.
135,335 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയുമായി സൗദി അറേബ്യയിലെ റാസ് ടന്യൂറയില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഷെന്‍ലോങ് ഇന്ത്യയിലേക്കുള്ള യാത്രയാരംഭിച്ചത്. ഇന്ത്യക്കാരനായ സുഖ്‌ശാന്ത് സിങ് സന്ധു ക്യാപ്‌റ്റനായ കപ്പലില്‍ ഇന്ത്യ, പാകിസ്‌താന്‍, ഫിലിപ്പീന്‍സ് രാജ്യക്കാരായ 29 ജീവനക്കാരുമുണ്ടായിരുന്നു. ഇറാനും ഒമാനും ഇടയിലുള്ള ഹോര്‍മുസ് കടലിടുക്കിലേക്കു ഷെന്‍ലോങ്ങിനെ വരവേറ്റത് സിഗ്നല്‍ ജാമിങ്ങും മിസൈലുകളുമായിരുന്നു. ഇതോടെ മുന്നോട്ടുള്ള പ്രയാണം അസാധ്യമായി.
പിന്നീടായിരുന്നു അതിനാടകീയമായ നീക്കം. കഴിഞ്ഞ എട്ടിന് കപ്പല്‍ച്ചാലിലെ ഷെന്‍ലോങ്ങിന്റെ സാന്നിധ്യം റഡാറുകളില്‍നിന്ന് 'അപ്രത്യക്ഷ'മായി. 24 മണിക്കൂര്‍ നിശബ്‌ദതയ്‌ക്കുശേഷം ഒന്‍പതിന് കപ്പല്‍ വീണ്ടും ട്രാക്കിങ് സംവിധാനങ്ങളില്‍ 'പ്രത്യക്ഷ'പ്പെട്ടു. അപായമേഖല കടന്ന് അറേബ്യന്‍ സമുദ്രത്തിന്റെ സ്വതന്ത്ര മേഖലയിലായിരുന്നു കപ്പല്‍ അപ്പോഴുണ്ടായിരുന്നത്. കഴിഞ്ഞ 11ന് ഉച്ചയ്‌ക്ക് ഒന്നോടെ ഷെന്‍ലോങ് മുംബൈ തുറമുഖത്ത് ചരക്കുമായി സുരക്ഷിതമായെത്തി. തുറമുഖത്തെ ജവാഹര്‍ ദ്വീപ് ടെര്‍മിനലിലാണ് കപ്പലുള്ളത്. കിഴക്കന്‍ മുംബൈയിലെ മാഹുലിലെ റിഫൈനറികളിലേക്കുള്ളതാണ് ചരക്ക്.
കപ്പല്‍ ഗതാഗതത്തില്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രം പ്രാവര്‍ത്തികമാക്കാന്‍ അനുമതിയുള്ള 'ഗോ ഡാര്‍ക്ക്' മാര്‍ഗം അവലംബിച്ചാണ് ഷെന്‍ലോങ് സംഘര്‍ഷമേഖല കടന്നത്. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്‌റ്റം (എ.ഐ.എസ്) സ്വിച്ച് ഓഫ് ചെയ്യുന്നതിനെയാണ് 'ഗോ ഡാര്‍ക്ക്' എന്ന നാവികപദാവലി സൂചിപ്പിക്കുന്നത്. രാജ്യാന്തര മാരിടൈം നിയമപ്രകാരം സുരക്ഷ ഉറപ്പാക്കാന്‍ എ.ഐ.എസ്. എല്ലായ്‌പ്പോഴും സക്രിയമായിരിക്കണം. പക്ഷേ, സംഘര്‍ഷം ഉള്‍പ്പെടെയുള്ള സവിശേഷസാഹചര്യങ്ങളില്‍ ഈ പ്രോട്ടോകോള്‍ മറികടക്കാന്‍ അനുമതിയുണ്ട്. ഷെന്‍ലോങ് കപ്പല്‍ച്ചാല്‍ കടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് തായ് ചരക്കുകപ്പല്‍ മയൂരി നാരിക്ക് ഇറാന്‍ ആക്രമണത്തില്‍ തീപിടിച്ചത്. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്കു ചരക്കുമായെത്തിയ മയൂരി നാരി കപ്പലിലെ മൂന്നു ജീവനക്കാരെ സംഭവത്തില്‍ കാണാതായിട്ടുണ്ട്.