-->
ന്യൂഡല്‍ഹി: 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന പദത്തിന് കൃത്യമായ നിര്‍വചനം നല്‍കാനും അത്തരം ആളുകള്‍ക്കുനേരേയുള്ള അതിക്രമത്തിനു ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സാമൂഹിക നീതി-ശാക്‌തീകരണ മന്ത്രി വീരേന്ദ്ര കുമാറാണു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തി ഭേദഗതി ബില്‍ അവതരിപ്പിച്ചത്. നിലവിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ, സംരക്ഷണ നിയമത്തിന്റെ നേട്ടം ശരിയായ വ്യക്‌തികള്‍ക്കു ലഭിക്കാന്‍ കൃത്യമായ നിര്‍വചനം അനിവാര്യമാണെന്നു കേന്ദ്ര വൃത്തങ്ങള്‍ പറഞ്ഞു.
ഭേദഗതി പ്രകാരം, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളെ നിര്‍ണയിക്കാന്‍ അതോറിറ്റിയെ നിയമിക്കും. കേന്ദ്ര സര്‍ക്കാരോ സംസ്‌ഥാന സര്‍ക്കാരോ കേന്ദ്രഭരണ പ്രദേശ ഭരണകൂടമോ നിയമിക്കുന്ന ഒരു ചീഫ് മെഡിക്കല്‍ ഓഫീസറോ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറോ നയിക്കുന്ന ഒരു മെഡിക്കല്‍ ബോര്‍ഡാകും ഈ 'അതോറിറ്റി'. ഇവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടാം.