-->
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നു പറയുന്ന പ്രധാനമന്ത്രിതന്നെ പല കാരണങ്ങളാല്‍ ഭയന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദേശരാജ്യങ്ങളിലെ വിവാദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശങ്കപ്പെടുത്തിയിരിക്കുകയാണെന്നും എപ്‌സ്‌റ്റീന്‍ ഫയലുകളും അമേരിക്കയിലെ അദാനി കേസും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ ക്ഷാമം വ്യാപാരമേഖലയെ ബാധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാധ്‌രയുള്‍പ്പെടെ എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിച്ച രാഹുല്‍ ഗാന്ധി, വിഷയത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിലെത്താത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ കസേര ശൂന്യമായിരുന്ന കാര്യം എടുത്തുകാട്ടിയായിരുന്നു വിമര്‍ശനം.
പാര്‍ലമെന്റിലെ മകരദ്വാറിനു സമീപം നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. 'നാം നരേന്ദ്ര, കാം സറണ്ടര്‍', 'മോദി ജി, എല്‍.പി.ജി' തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴങ്ങി. പാചകവാതക പ്രതിസന്ധി പ്രതീകാത്മകമായി ചൂണ്ടിക്കാട്ടാന്‍ ഇഷ്‌ടികകൊണ്ടു തയാറാക്കിയ മാതൃകാ ചൂളയുടെ സമീപമിരുന്ന് വനിതാ എം.പിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതിനിടെ സാമൂഹിക മാധ്യമമായ എക്‌സിലൂടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. വ്യവസായങ്ങളും ചെറുകിട ബിസിനസുകളും എല്‍.പി.ജി ക്ഷാമത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും രാജ്യത്ത് ഗുരുതര പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ത്യയിലെ അതിന്റെ പ്രത്യാഘാതവും ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ പാര്‍ലമെന്റില്‍ സഭാനടപടികള്‍ തടസപ്പെട്ടിരുന്നു. മുദ്രാവാക്യം മുഴക്കിയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് സഭ പിരിച്ചുവിട്ടു.രാജ്യത്തെ ഹോട്ടല്‍-റസ്‌റ്റോറന്റ് മേഖലയെ എല്‍.പി.ജി ക്ഷാമം ഗൗരവമായി ബാധിച്ചുതുടങ്ങി. പല റസ്‌റ്റോറന്റുകളും പാചകത്തിനായി ഇന്‍ഡക്‌ഷന്‍ സ്‌റ്റൗ, മൈക്രോവേവ്, വിറക് അടുപ്പ് തുടങ്ങിയ മാര്‍ഗങ്ങള്‍ തേടുകയാണ്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വിതരണത്തിനു മുന്‍ഗണന നല്‍കുന്നതിനാല്‍ വാണിജ്യ എല്‍.പി.ജിയെ ആശ്രയിക്കുന്ന ഭക്ഷണശാലകള്‍ പ്രതിസന്ധിയിലാണ്. ചില സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടയ്‌ക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്.ന്യൂഡല്‍ഹിയിലെ നിരവധി ഹോട്ടലുകളില്‍ രണ്ടുദിവസത്തേക്കുള്ള സിലിണ്ടറുകള്‍ മാത്രമേ സ്‌റ്റോക്കുള്ളൂവെന്ന് വ്യവസായ പ്രതിനിധികള്‍ പറയുന്നു. അതേസമയം വീടുകളിലേക്കുള്ള ഗ്യാസ് വിതരണം സുരക്ഷിതമാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ഉറപ്പുനല്‍കിയിട്ടുണ്ട്.