Saturday, March 14, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.47 AM

ഹോര്‍മുസില്‍ 700 ഇന്ത്യന്‍ നാവികര്‍; മൂന്നു മരണം, ഒരാളെ കാണാതായി

ന്യൂഡല്‍ഹി: പശ്‌ചിമേഷ്യയില്‍ യുദ്ധം തുടരുന്നതിനിടെ ഇതുവരെ മൂന്ന്‌ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും കേന്ദ്രസര്‍ക്കാര്‍. നാലു പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.
ഹോര്‍മുസ്‌ കടലിടുക്കിന്‌ ചുറ്റുമായി 28 കപ്പലുകള്‍ തുടരുകയാണെന്നും ഇതില്‍ 700 ല്‍ അധികം ഇന്ത്യന്‍ നാവികര്‍ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. ഹോര്‍മുസ്‌ കടലിടുക്കിനോട്‌ ചുറ്റിയുള്ള ഇന്ത്യന്‍ കപ്പലുകളെ സര്‍ക്കാര്‍ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര തുറമുഖ ഷിപ്പിങ്‌ മന്ത്രാലയത്തിന്റെ സ്‌പെഷല്‍ സെക്രട്ടറി രാജേഷ്‌ കെ.സിന്‍ഹ പറഞ്ഞു.
പശ്‌ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ സൗദി അറേബ്യയില്‍ നിന്ന്‌ ക്രൂഡ്‌ ഓയിലുമായി എത്തിയ ലൈബീരിയന്‍ കപ്പല്‍ മുംബൈ തുറമുഖത്ത്‌ നങ്കൂരമിട്ടു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്‌. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ നയിക്കുന്ന ഷെന്‍ലോംഗ്‌ സുയസ്‌മാക്‌സ് രണ്ടു ദിവസം മുന്‍പാണ്‌ ഹോര്‍മുസ്‌ കടലിടുക്ക്‌ കടന്നത്‌.
അതേസമയം, ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകളെ ഹോര്‍മുസ്‌ കടലിടുക്ക്‌ കടക്കാന്‍ അനുവദിച്ചുവെന്ന വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചു. ഹോര്‍മുസ്‌ കടലിടുക്കിലൂടെ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക്‌ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്‌ പിന്നാലെ ഹോര്‍മുസിലൂടെ കപ്പലുകള്‍ പോകുന്നതിന്‌ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്‌.ജയ്‌ശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സംസാരിച്ചപ്പോള്‍ ഹോര്‍മുസ്‌ പ്രധാന ചര്‍ച്ചാവിഷയമായെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
ഫെബ്രുവരി 28 ന്‌ യുദ്ധം ആരംഭിച്ചതിനുശേഷം, ഇറാനോ ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളോ 18 കപ്പലുകളെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെന്നു പ്രതിരോധ-രഹസ്യാന്വേഷണ വിദഗ്‌ധന്‍ ഡാമിയന്‍ സൈമണ്‍ എക്‌സില്‍ പറഞ്ഞു.

Ads by Google
Saturday 14 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW