-->
ന്യൂഡല്‍ഹി: നടന്‍ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിനു പിന്നാലെ നടി രശ്‌മിക മന്ദാനയുടെ ബ്രേക്കപ്പിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് പ്രചരിച്ചത് വിവാദത്തില്‍. രശ്‌മിക മന്ദാനയുടെ അമ്മ സുമന്‍ മന്ദാനയുടേതെന്ന പേരിലുള്ള ഓഡിയോക്ല ിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇത് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രശ്‌മിക മന്ദാന രംഗത്തെത്തി. രശ്‌മികയും നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള പഴയ വിവാഹനിശ്‌ചയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഫെബ്രുവരി 26-നായിരുന്നു വിജയ് ദേവരകൊണ്ടയുമായുള്ള രശ്‌മികയുടെ വിവാഹം.എട്ടു വര്‍ഷം മുമ്പ് ഒരു കന്നഡ വാര്‍ത്താ ചാനലിന് സുമന്‍ മന്ദാന നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
2016-ല്‍ 'കിറിക് പാര്‍ട്ടി' എന്ന കന്നഡ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് രശ്‌മികയും രക്ഷിത് ഷെട്ടിയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 2017-ല്‍ ഇരുവരും വിവാഹനിശ്‌ചയം നടത്തി. എന്നാല്‍ 2018-ല്‍ പരസ്‌പര സമ്മതത്തോടെ ഇവര്‍ വേര്‍പിരിയുകയായിരുന്നു.മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ദേവിഷെട്ടിക്ക് സുമന്‍ മന്ദാന നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. ആ സമയത്ത് ഇരു കുടുംബങ്ങളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചാണ് ശബ്‌ദരേഖയില്‍ പരാമര്‍ശിക്കുന്നത്. 'രശ്‌മികയ്‌ക്ക് അന്ന് പ്രായം കുറവായിരുന്നിട്ടും ബന്ധത്തിന് കുടുംബം സമ്മതം മൂളുകയായിരുന്നുവെന്നും എന്നാല്‍ നിശ്‌ചയത്തിന് ശേഷം കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതായും സുമന്‍ മന്ദാന പറയുന്നതാണ് ശബ്‌ദരേഖയിലുള്ളത്.
വിവാദ ശബ്‌ദരേഖയും വാര്‍ത്തയും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരും അത് ഉടനടി നീക്കം ചെയ്യണമെന്ന് രശ്‌മിക മന്ദാന ആവശ്യപ്പെട്ടു. ഇത് പാലിക്കാത്ത പക്ഷം അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വ്യക്‌തികള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രശ്‌മിക മുന്നറിയിപ്പ് നല്‍കി.