-->
ദോഹ: ഖത്തറിലെ ഊര്‍ജ്‌ജ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഗ്യാസ് ഉത്‌പാദനം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെ ഖത്തര്‍ ശക്‌തമായി തള്ളി. അമേരിക്കയിലെ ഇന്ധനവിലയെ സ്വാധീനിക്കാനാണ് ഖത്തര്‍ മനഃപൂര്‍ം ഉത്‌പാദനം നിര്‍ത്തിയത് എന്ന രീതിയിലുള്ള വാര്‍ത്തകള്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ഖത്തര്‍ വ്യക്‌തമാക്കി.
സാമ്പത്തികമോ രാഷ്‌ട്രീയമോ ആയ ലാഭത്തേക്കാള്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് ഖത്തര്‍ എന്നും മുന്‍ഗണന നല്‍കുന്നതെന്ന് മുതിര്‍ന്ന ഖത്തര്‍ ഉദ്യോഗസ്‌ഥന്‍ രാജ്യാന്തര ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്‌ഥിരതയെ മുതലെടുത്ത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാനാണ് നെതന്യാഹുവിന്റെ അനുകൂലികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്‌ച റാസ് ലഫാനിലെ ഖത്തര്‍ എനര്‍ജി കേന്ദ്രത്തിനു നേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് ദ്രവീകൃത പ്രകൃതിവാതക ഉത്‌പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ലോകത്തിലെ എല്‍.എന്‍.ജി. വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഖത്തറിന്റെ ഈ തീരുമാനം ആഗോള വിപണിയില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. മിസൈദ് ഇന്‍ഡസ്ര്‌ടിയല്‍ സിറ്റിയിലെ വാട്ടര്‍ ടാങ്കിനും ഊര്‍ജ കേന്ദ്രത്തിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.