Sunday, March 15, 2026 Last Updated 25 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.41 AM

അതിശയന്‍

uploads/news/2026/03/830112/1.jpg

സ്‌റ്റോക്ക്‌ഹോം: പുരുഷ പോള്‍വാള്‍ട്ടില്‍ റെക്കോഡ്‌ തിരുത്തല്‍ ശീലമാക്കിയ സ്വീഡന്റെ അര്‍മാന്‍ഡ്‌ 'മോണ്ടോ' ഡ്യുപ്ലാന്റിസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി. 6.31 മീറ്റര്‍ ഉയരം താണ്ടി സ്വന്തം ലോകറെക്കോഡ്‌ താരം വീണ്ടും മെച്ചപ്പെടുത്തി. കരിയറില്‍ ഇതു 15-ാം തവണയാണ്‌ ഡ്യുപ്ലാന്റിസ്‌ പുതിയ ഉയരം കണ്ടെത്തുന്നത്‌.
സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിനു സമീപം സ്വന്തം പേരില്‍ അരങ്ങേറിയ 'മോണ്ടോ ക്ലാസിക്ക്‌' ഇന്‍ഡോര്‍ മീറ്റിലായിരുന്നു രണ്ടുവട്ടം ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുകൂടിയായ ഡ്യുപ്ലാന്റിസിന്റെ അമാനുഷ പ്രകടനം. കഴിഞ്ഞവര്‍ഷം കുറിച്ച 6.30 മീറ്ററെന്ന റെക്കോഡ്‌ ഇത്തവണ ഒരു സെന്റീമീറ്റര്‍ കൂടി ഉയര്‍ത്താന്‍ ഡ്യുപ്ലാന്റിസിനായി. 2020 മുതല്‍ പുരുഷ പോള്‍വാള്‍ട്ടില്‍ ഡ്യുപ്ലാന്റിസിന്‌ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇതര താരങ്ങള്‍ക്കായിട്ടില്ല. 2020-ല്‍ ആദ്യതവണ ലോകറെക്കോഡ്‌ പുസ്‌തകത്തില്‍ ഇടംപിടിച്ചപ്പോള്‍ ഡ്യുപ്ലാന്റിസ്‌ താണ്ടിയത്‌ 6.17 മീറ്ററായിരുന്നു.
ഇതു പിന്നീട്‌ ഓരോ തവണയും ഓരോ സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സ്വീഡിഷ്‌ താരം ചരിത്രമെഴുതി. മോണ്ടോ ക്ലാസിക്കിലെ വിജയത്തോടെ 2023 മുതലുള്ള കാലയളവിലെ തുടര്‍ച്ചയായ 38-ാം ജയമാണ്‌ ഡ്യുപ്ലാന്റിസ്‌ കുറിച്ചത്‌. 2020-ല്‍ രണ്ടു തവണ പുതിയ ഉയരം കുറിച്ച താരം 2022-ല്‍ മൂന്നു തവണയും തൊട്ടടുത്തവര്‍ഷം രണ്ടു തവണയും റെക്കോഡ്‌ തിരുത്തി. 2024-ല്‍ മൂന്നുവട്ടം പുതിയ ഉയരം താണ്ടിയപ്പോള്‍ കഴിഞ്ഞതവണ നാലുതവണയാണ്‌ ചരിത്രമെഴുതിയത്‌.
പുരുഷ പോള്‍വാള്‍ട്ട്‌ റെക്കോഡ്‌ തിരുത്തലില്‍ യുക്രൈന്റെ ഇതിഹാസതാരം സെര്‍ജി ബുബ്‌ക മാത്രമാണ്‌ ഇരുപത്താറുകാരനായ ഡ്യുപ്ലാന്റിസിനു മുന്നിലുള്ളത്‌. 1980-90 കാലഘട്ടത്തില്‍ മിന്നിത്തിളങ്ങിയ ബുബ്‌ക, ഔട്ട്‌ഡോറില്‍ 17 തവണയും ഇന്‍ഡോര്‍ മീറ്റുകളില്‍ 18 തവണയും പുതിയ ഉയരം കുറിച്ചു.

Ads by Google
Saturday 14 Mar 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW