Friday, March 13, 2026 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.30 PM

മൈക്കല്‍ ഡാനിനോയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ഐ.ഐ.ടി.

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്‌തക വിവാദത്തിലെ സുപ്രീം കോടതി വിമര്‍ശനത്തിനു പിന്നാലെ നടപടിക്ക്‌ ഗാന്ധിനഗര്‍ ഐ.ഐ.ടി. എന്‍.സി.ഇ.ആര്‍.ടിക്കായി സാമൂഹിക ശാസ്‌ത്ര പാഠപുസ്‌തകങ്ങള്‍ തയാറാക്കുന്ന കരിക്കുലം ഏരിയ ഗ്രൂപ്പിന്റെ ചെയര്‍പഴ്‌സണും പത്മ പുരസ്‌കാര ജേതാവുമായ പ്രഫ. മൈക്കല്‍ ഡാനിനോയുടെ ഗസ്‌റ്റ്‌ പ്രഫസര്‍ സ്‌ഥാനം പുനഃപരിശോധിക്കാനാണ്‌ ഐ.ഐ.ടിയുടെ തീരുമാനം.
പാഠപുസ്‌തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന വിവാദ പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയില്‍നിന്ന്‌ പുറത്താക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക്‌ പ്രസന്ന കുമാര്‍ എന്നിവര്‍ക്കെതിരേയാണു നടപടി.
ഇവരെ നിലവിലുള്ള എല്ലാ ചുമതലകളില്‍നിന്നും നീക്കണമെന്നും കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഗസ്‌റ്റ്‌ പ്രഫസര്‍ സ്‌ഥാനത്തുനിന്നു മൈക്കല്‍ ഡാനിനോയെ നീക്കാന്‍ ഗാന്ധിനഗര്‍ ഐ.ഐ.ടി. തീരുമാനിച്ചത്‌. വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ പങ്കുവച്ചവര്‍ക്കെതിരേയും നടപടിയെടുക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. വിവാദ വിഷയത്തില്‍ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്‌സൈറ്റുകളും വ്യക്‌തികളെയും തിരിച്ചറിഞ്ഞ്‌ ഉചിതമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇത്തരം വ്യക്‌തികളുടെ പൂര്‍ണമായ വിവരം കോടതിയില്‍ സമര്‍പ്പിക്കാനും പാഠ്യപദ്ധതി തയാറാക്കുന്നതിന്‌ മറ്റൊരു വിദഗ്‌ധ സമിതിയെ രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഒരു മുന്‍ ജഡ്‌ജി, നിയമ വിദഗ്‌ധന്‍, വിദ്യാഭ്യാസ വിദഗ്‌ധന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്‌കരിച്ച അധ്യായം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Thursday 12 Mar 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW