-->
ന്യൂഡല്‍ഹി: ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്കകള്‍ കാരണം ഹോട്ടലുകളും റസ്‌റ്റോറന്റുകളും പൂട്ടുന്ന സാഹചര്യത്തില്‍ വാണിജ്യ എല്‍.പി.ജി. സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ ഇളവ് നല്‍കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. സംസ്‌ഥാന സര്‍ക്കാരുകള്‍ ഗുണഭോക്‌താക്കളെ നിശ്‌ചയിക്കണമെന്നും എല്‍.പി.ജിക്ക് പകരമായി സംസ്‌ഥാനങ്ങള്‍ക്ക് 40,000 കിലോ ലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണം നിലച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു.
എന്നാല്‍ പരിഭ്രാന്തി കാരണം ബുക്കിങ്ങുകളില്‍ പലമടങ്ങ് വര്‍ധനയുണ്ട്. പരിഭ്രാന്തി ഒഴിവാക്കണം. വാണിജ്യ സിലിണ്ടറിന്റെ വിതരണം മുന്‍ഗണനാടിസ്‌ഥാനത്തില്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ ഗുണഭോക്‌താക്കളുടെ പട്ടിക നിശ്‌ചയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഓരോ പാദത്തിലും സംസ്‌ഥാനങ്ങള്‍ക്ക് ഏകദേശം ഒരു ലക്ഷം കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുന്നുണ്ടെന്ന് സുജാത ശര്‍മ്മ പറഞ്ഞു.