-->
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്നില്ലെന്നും നിലവില്‍ ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരമുണ്ടെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി ഉറപ്പുനല്‍കി.
അസംസ്‌കൃത എണ്ണ വിതരണം സുരക്ഷിതമായ നിലയിലാണ്. ഹോര്‍മൂസ് കടലിടുക്കിലൂടെ ഈ കാലയളവില്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ മറ്റു മാര്‍ഗങ്ങളിലൂടെ വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച നയതന്ത്ര ഇടപെടലുകള്‍ക്കു നന്ദി.-കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. പശ്‌ചിമേഷ്യക്കു പുറത്തുനിന്നുള്ള ഊര്‍ജ ഇറക്കുമതി വര്‍ധിപ്പിക്കുകയാണ്. ഏകദേശം 40 രാജ്യങ്ങളില്‍നിന്നു മറ്റു മാര്‍ഗങ്ങളിലൂടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. വീടുകള്‍ക്കു തടസമില്ലാതെ സി.എന്‍.ജി., പി.എന്‍.ജി. വിതരണങ്ങള്‍ ലഭിക്കുന്നുണ്ട്. വീടുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ തടസമില്ലാതെ ഊര്‍ജ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്. ആഭ്യന്തര ഉപഭോക്‌താക്കള്‍ക്ക് ഒരു ക്ഷാമവുമില്ല, പരിഭ്രാന്തരാകേണ്ട കാര്യമില്ല.- പുരി പറഞ്ഞു.സുരക്ഷിതമായ കപ്പല്‍ ഗതാഗതവും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയും സംബന്ധിച്ചു വിദേശമന്ത്രി എസ്. ജയ്‌ശങ്കര്‍, ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി അടുത്തിടെ മൂന്നുതവണ സംസാരിച്ചതായി വിദേശകാര്യ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.