Thursday, March 12, 2026 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

ഇറാന്റെ 16 കപ്പലുകള്‍ മുക്കി അമേരിക്ക

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: ഹോര്‍മുസ്‌ കടലിടുക്കില്‍ കുഴിബോംബുകള്‍ സ്‌ഥാപിക്കാനുള്ള ഇറാന്റെ പദ്ധതി തകര്‍ത്ത്‌ അമേരിക്ക. കടലിടുക്കില്‍ കുഴിബോംബുകള്‍ വിതറാന്‍ ലക്ഷ്യമിട്ട 16 ഇറാനിയന്‍ കപ്പലുകള്‍ യു.എസ്‌. സേന കടലില്‍ താഴ്‌ത്തി. കപ്പലുകള്‍ തകര്‍ക്കുന്നതിന്റെ ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ യു.എസ്‌. സെന്‍ട്രല്‍ കമാന്‍ഡ്‌ 'എക്‌സി'ല്‍ പങ്കുവച്ചു.
ഇറാന്റെ 10 കപ്പലുകള്‍ തകര്‍ത്തതായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ തകര്‍ക്കുമെന്നും വ്യക്‌തമാക്കിയ ട്രംപ്‌, കടലിനടിയില്‍ കുഴിബോംബ്‌ സ്‌ഥാപിക്കാന്‍ ശ്രമിക്കരുതെന്ന്‌ ഇറാന്‌ മുന്നറിയിപ്പ്‌ നല്‍കി. അതേസമയം, ഇറാന്റെ കുഴിബോംബ്‌ വാഹക കപ്പലുകള്‍ക്കു പുറമേ മറ്റ്‌ മൂന്ന്‌ കപ്പലുകള്‍ക്കുനേരേയും ആക്രമണമുണ്ടായി. തായ്‌ലാന്‍ഡിന്റെ പതാകയുള്ള 'മയൂരി നാരി' എന്ന കപ്പലിനു തീപിടിച്ചു. ജീവനക്കാരില്‍ മിക്കവരെയും ഒഴിപ്പിച്ചു.
പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌ കോര്‍പ്‌സിന്റെയും (ഐ.ആര്‍.ജി.സി) നാവികസേനയുടെയും ഒന്‍പത്‌ താവളങ്ങള്‍ യു.എസ്‌-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. ടെഹ്‌റാന്‍, ഇസ്‌ഫഹാന്‍, ഷിറാസ്‌ സിറ്റി എന്നിവിടങ്ങളിലെ ഐ.ആര്‍.ജി.സി. കേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെ 170 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒരു മിസൈല്‍ നിര്‍മാണകേന്ദ്രവും വ്യോമപ്രതിരോധസംവിധാനങ്ങളും തകര്‍ക്കപ്പെട്ടു. ദക്ഷിണ ലെബനനില്‍ വ്യാപാരസ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടമടക്കം ഇസ്രയേല്‍ തകര്‍ത്തു. ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബുള്ളയ്‌ക്കെതിരേയാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
യു.എ.ഇയിലും ഖത്തറിലുമടക്കം ഇറാന്‍ ആക്രമണം ശക്‌തമാക്കി. ഖത്തര്‍ തലസ്‌ഥാനമായ ദോഹയിലും യു.എ.ഇ. തലസ്‌ഥാനമായ ദുബായിലും വന്‍സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടു. ഇറാന്റെ ഒരു മിസൈല്‍ തകര്‍ത്തെന്നു ഖത്തറും രണ്ട്‌ ഡ്രോണുകള്‍ തകര്‍ത്തെന്ന്‌ ഒമാനും അവകാശപ്പെട്ടു.
യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ച ഇറാന്‍ അതുവഴി കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന്‌ ഭീഷണി മുഴക്കിയിരുന്നു. യുദ്ധത്തില്‍ ഇറാന്‌ അനുകൂലമായി നിലപാടെടുത്ത ചൈനയുടെ കപ്പലുകള്‍ക്കു മാത്രമാണ്‌ ഇക്കാര്യത്തില്‍ ഇളവ്‌ നല്‍കിയിട്ടുള്ളത്‌. ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ അടച്ചതിനേത്തുടര്‍ന്ന്‌ ഒട്ടേറെ രാജ്യങ്ങള്‍ കടുത്ത ഊര്‍ജപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്‌. ക്രൂഡ്‌ ഓയില്‍ വില നാലുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബാരലിന്‌ 100 ഡോളര്‍ കടന്നു.

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW