-->
ന്യൂഡല്‍ഹി: പശ്‌ചമേഷ്യന്‍ സംഘര്‍ത്തെത്തുടര്‍ന്നുള്ള ക്ഷാമഭീതിയില്‍ അനാവശ്യമായി എല്‍.പി.ജി. സിലിണ്ടറുകള്‍ ബുക്ക് ചെയ്യരുതെന്നു കേന്ദ്ര സര്‍ക്കാര്‍. ആവശ്യത്തിന് എല്‍.പി.ജി. ശേഖരമുണ്ടെന്നും ഉപയോക്‌താക്കള്‍ പരിഭ്രാന്തരാകരുതെന്നും കേന്ദ്ര ഉദ്യോഗസ്‌ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന് നിലവില്‍ പ്രതിദിനം ഏകദേശം 55 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ലഭ്യമാണെന്നും ഈ കാലയളവില്‍ ഹോര്‍മുസ് കടലിടുക്ക് വഴി എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇന്നലെ എത്തിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
വിതരണ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനും ഊര്‍ജ ഇറക്കുമതി തടസമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ ഉറപ്പുനല്‍കി.
പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് എല്‍.പി.ജി. വില വര്‍ധിച്ചിരുന്നു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 115 രൂപയുമാണു കൂടിയത്. വില വര്‍ധന ഏഴിന് നിലവില്‍ വന്നു.
അതിനിടെ, പ്രതിസന്ധി മുതലെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.