-->
ന്യൂഡല്‍ഹി: സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്‌ദ വോട്ടെടുപ്പിലൂടെയാണ് പ്രമേയം പരാജയപ്പെട്ടത്. ഇതിനു മുമ്പ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ വിമര്‍ശനം പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സഭ നാടകീയ രംഗങ്ങളിലേക്കു നീങ്ങിയത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തരമന്ത്രി അമിത് ഷാ മോശമായ പദപ്രയോഗം നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ മുമ്പ് സഭയില്‍ നടന്ന രംഗങ്ങള്‍ ഓര്‍മിപ്പിച്ച് അമിത് ഷാ പ്രതിപക്ഷത്തെ നേരിട്ടതോടെ സഭ കൂടുതല്‍ ശബ്‌ദമുഖരിതമാകുകയായിരുന്നു.
"പ്രതിപക്ഷം പെരുമാറ്റത്തെക്കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ അവരുടെ ഉയര്‍ന്ന നേതാവ് (രാഹുല്‍) കണ്ണിറുക്കുകയും പ്രധാനമന്ത്രിയെ ചെന്നു കെട്ടിപ്പിടിക്കുകയും ചുംബനം പറത്തിവിടുകയും ചെയ്യുന്നിടത്താണ് ഇതു പ്രകോപനപരമാണെന്നു പറയുന്നത്." ആഭ്യന്തര മന്ത്രി പരിഹസിച്ചു.
ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്‌തമാകുകയും പ്രതിപക്ഷനിരയില്‍നിന്ന് 'മാഫി മാംഗോ' (മാപ്പ് പയയൂ) മുദ്രാവാക്യം ഉയരുകയും ചെയ്‌തു. ഇതോടെ തന്റെ ഏതെങ്കിലും വാക്കുകള്‍ പാര്‍ലമെന്ററി സംവിധാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യാമെന്ന് അമിത് ഷാ പറഞ്ഞു. അതിനുശേഷവും മുദ്രാവാക്യം വിളി തുടരുമ്പോഴാണ് സഭ ശബ്‌ദ വോട്ടെടുപ്പിലേക്കു നീങ്ങിയത്.