Wednesday, March 11, 2026 Last Updated 30 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

സമരത്തിന്‌ പിന്നില്‍ നിക്ഷിപ്‌ത താല്‍പര്യം: കാരിത്താസ്‌ സംരക്ഷണ സമതി

കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി തെള്ളകം കാരിത്താസ്‌ ആശുപത്രിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തിനു പിന്നില്‍ നിക്ഷിപ്‌ത താല്‍പര്യമുണ്ടെന്ന്‌ സംശയിക്കുന്നതായി ആശുപത്രി സംരക്ഷണ സമിതി. ആതുരസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സമരത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ പാലിക്കേണ്ടതായ സാമാന്യമര്യാദകളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണു സമരം നടത്തുന്നത്‌.
അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള കീമോതെറാപ്പി, ഡയാലിസിസ്‌, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ സേവനങ്ങളെ നിയമം അനുശാസിക്കുന്ന മുന്നറിയിപ്പുകളൊന്നും നല്‍കാതെ ബഹിഷ്‌കരിച്ചതു മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണ്‌.
സര്‍ക്കാര്‍ അനുശാസിക്കുന്ന അടിസ്‌ഥാന വേതനത്തേക്കാള്‍ കൂടുതല്‍ വേതനമാണ്‌ കാരിത്താസ്‌ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന്‌ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
മാതാ ആശുപത്രി കാരിത്താസ്‌ ഏറ്റെടുത്തപ്പോള്‍ അവിടുത്തെ ജീവനക്കാര്‍ക്ക്‌ അതുവരെയുണ്ടായിരുന്ന കരാറുകളും സേവന ആനുകൂല്യങ്ങളും പൂര്‍ത്തീകരിച്ചു നല്‍കുകയും, തുടര്‍ന്നും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കാരിത്താസ്‌ മാതാ എന്ന പുതിയ സ്‌ഥാപനത്തിന്റെ പുതിയ കരാറിന്മേല്‍ നിയമനം നല്‍കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.
കഴിഞ്ഞ ഏഴാം തീയതി ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അനുരഞ്‌ജന ചര്‍ച്ചകള്‍ക്കു തയാറാണെന്നു കാരിത്താസ്‌ മാനേജ്‌മെന്റ്‌ അറിയിച്ചിട്ടും സമരക്കാര്‍ അതു ബഹിഷ്‌കരിക്കുകയും എല്ലാതരത്തിലുള്ള അനുരഞ്‌ജന ശ്രമങ്ങള്‍ക്കും നേരെ മുഖം തിരിക്കുകയുമാണു ചെയ്‌തത്‌.
എന്നിരുന്നാലും ഇനിയും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കു മാനേജ്‌മന്റ്‌ തയാറാണ്‌. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഏഴിനു സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യവേ, തിടുക്കത്തില്‍ നടത്തുന്ന ഈ സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തോടെ മാത്രമേ കാണാനാകൂ എന്ന്‌ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
35,000 രൂപ മുതല്‍ 53,000 രൂപ വരെ വേതനം വാങ്ങുന്ന ഉത്തരവാദിത്തപ്പെട്ട ചില നഴ്‌സുമാര്‍, തങ്ങള്‍ക്ക്‌ 20,000 രൂപ മാത്രം ശമ്പളം ലഭിക്കുന്നുവെന്ന്‌ ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തി ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനെ സംരക്ഷണ സമിതി യോഗം ശക്‌തമായി അപലപിച്ചു.
സമരം മൂലം രോഗികള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞു സമരക്കാര്‍ അടുത്ത പ്രവൃത്തിദിവസം തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും, അല്ലാത്തപക്ഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സംരക്ഷണ സമിതി കാരിത്താസ്‌ മാനേജ്‌മെന്റിനോട്‌ ആവശ്യപ്പെട്ടു.
തലമുറകളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായി പടുത്തുയര്‍ത്തപ്പെട്ട കാരിത്താസ്‌ ആശുപത്രിയെ ഏതു പ്രതിസന്ധിയിലും എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന്‌ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.
കഴിഞ്ഞ 65 വര്‍ഷമായി മധ്യതിരുവിതാംകൂറിലെ ആരോഗ്യ മേഖലയില്‍ സേവനം നല്‍കുന്ന, കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ്‌ ആശുപത്രിയില്‍ ഇന്നു നടന്ന വളരെ നിര്‍ഭാഗ്യകരമായ സമരത്തിലൂടെ പൊതുസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സംരക്ഷണ സമിതി അറിയിച്ചു.
കോട്ടയം അതിരൂപത വൈദിക സമിതി പ്രതിനിധികള്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, അത്മായ സംഘടനകളായ കെ.സി.സി., കെ.സി.ഡബ്യു.എ, കെ.സി.വൈ.എല്‍. പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW