Wednesday, March 11, 2026 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ചെന്നിത്തല നവോദയയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

മാവേലിക്കര: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ്‌ വണ്‍ വിദ്യാര്‍ഥി കായംകുളം കണ്ടല്ലൂര്‍ പുതിയവിള തെക്ക്‌ അഭിരാമത്തില്‍ അഭിഗീത്‌ കെ.പി ബിജു(16)വാണ്‌ ജീവനൊടുക്കിയത്‌. ഈ അദ്ധ്യയന വര്‍ഷം തന്നെ ഇവിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ സ്‌കൂള്‍ അങ്കണത്തില്‍ തന്നെയുള്ള ബോയ്‌സ്‌ ഹോസ്‌റ്റലിന്റെ ശൗചാലയത്തിനു്‌ സമീപം ഭിത്തിക്ക്‌ മുകളില്‍ സ്‌ഥാപിച്ച ഇരുമ്പ്‌ നെറ്റിന്റെ കമ്പിയില്‍ കൈലി ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ട്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉച്ചയ്‌ക്ക്‌ ബയോളജിയുടെ പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ അഭിഗീതിനെ കാണാത്തതിനെത്തുടര്‍ന്ന്‌ സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടത്‌. സ്‌കൂള്‍ അധികൃതര്‍ ഉടന്‍തന്നെ പോലിസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: ജെ.സന്തോഷ്‌ കുമാര്‍, മാവേലിക്കര എസ്‌.എച്ച്‌.ഒ: സനൂജ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്‌ഥലത്തെത്തി. മൃതദേഹത്തില്‍ നിന്നും പോലീസ്‌ ആത്മഹത്യക്കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ട്‌.
'ഐ ഹേറ്റ്‌ മൈ ലൈഫ്‌ 'എന്ന്‌ കുറിച്ചിട്ടുള്ളതിനാല്‍ ആത്മഹത്യക്ക്‌ പിന്നില്‍ വ്യക്‌തിപരമായ കാരണങ്ങളാകാം എന്നാണ്‌ പോലീസിന്റെ നിഗമനം.
ആലപ്പുഴയില്‍ നിന്നുള്ള ഫോറന്‍സിക്‌, വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധനകള്‍ നടത്തി. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ: ഷാജു എം.സ്‌, മാവേലിക്കര തഹസില്‍ദാര്‍ എസ്‌.കെ ശ്രീകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കൃഷ്‌ണപുരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ.പി. ബിജുവിന്റയും മുതുകുളം സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും മകനാണ്‌. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ്‌. വിദ്യാര്‍ത്ഥി അഭിനന്ദ്‌ സഹോദരനാണ്‌. മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW