-->
വാഷിങ്‌ടണ്‍: ഇറാന്‍ യുദ്ധം എന്ന് തീരുമെന്ന ചോദ്യത്തില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ആശയക്കുഴപ്പം. എണ്ണ വില ഉയരുകയും അമേരിക്കന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാകുകയും ചെയ്‌തതോടെയാണു ട്രംപ് സമ്മര്‍ദത്തിലായത്. അദ്ദേഹം നല്‍കിയ വിശദീകരണങ്ങളില്‍ വ്യക്‌തതയില്ലെന്നാണു യു.എസ്. മാധ്യമങ്ങളുടെ നിലപാട്.
'എല്ലാ കാര്യങ്ങള്‍ക്കും എനിക്ക് വ്യക്‌തമായ പദ്ധതിയുണ്ട്. ആശങ്ക വേണ്ട' എന്നാണ് അദ്ദേഹം ന്യൂയോര്‍ക്ക് പോസ്‌റ്റിനോട് പറഞ്ഞത്. എണ്ണവില വര്‍ധനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. 'വൈകാതെ സന്തോഷ വാര്‍ത്ത ലഭിക്കും' എന്നായിരുന്നു മറുപടി. യുദ്ധം വൈകാതെ അവസാനിക്കുമെന്ന് അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു. 'ഞങ്ങള്‍ ഷെഡ്യൂളിനേക്കാള്‍ വളരെ മുന്നിലാണ്'- അദ്ദേഹം അവകാശപ്പെട്ടു. ട്രംപിന്റെ വാക്കുകള്‍ നല്‍കിയ പ്രതീക്ഷ വിപണിയില്‍ പ്രതിഫലിച്ചു. യു.എസില്‍ ഓഹരി വിപണി തിരിച്ചുകയറി, ദിവസത്തിന്റെ തുടക്കത്തില്‍ ഒരു ബാരല്‍ എണ്ണയ്‌ക്ക് 120 ഡോളര്‍ ആയിരുന്നത് 90 ഡോളറില്‍ താഴെയായി. അല്‍പ സമയത്തിനുശേഷം ട്രംപ് നിലപാട് മാറ്റി. ' നമുക്ക് കൂടുതല്‍ മുന്നോട്ടു പോകാം. ഞങ്ങള്‍ മുന്നോട്ട് പോകും.' എന്നായി അദ്ദേഹം. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍നിന്ന് പുറത്തുവരുന്ന എണ്ണ ടാങ്കറുകളെ ഇറാന്‍ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ അമേരിക്ക കൂടുതല്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിതോടെ ആശയക്കൂഴപ്പമേറി.
അമേരിക്കയെയും ഇസ്രയേലിനെയും സഖ്യകക്ഷികളെയും ദീര്‍ഘകാലത്തേക്ക് ലക്ഷ്യമിടുന്ന ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ഉറപ്പാക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. അതിനായി ഭരണമാറ്റം ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടി ഉടന്‍ അവസാനിക്കുമോ എന്ന ചോദ്യത്തിന് 'എനിക്കറിയില്ല, അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. അവസാനിപ്പിക്കുന്നത് എന്റെ മനസിലാണ്, മറ്റാരുടേയുമല്ല.' -എന്നായിരുന്നു മറ്റൊരു മാധ്യമത്തിനു നല്‍കിയ മറുപടി.
ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പരസ്‌പര വിരുദ്ധ പ്രസ്‌താവനകളും പ്രശ്‌നമായി. യുദ്ധത്തിന്റെ അടുത്ത ഘട്ടം ഉടനെന്നായിരുന്നു പ്രതിരോധ സെക്രട്ടറി പറഞ്ഞത്. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്‌താവനയ്‌ക്ക് ഇതു വിരുദ്ധമല്ലേ എന്ന ചോദ്യവും ഉയര്‍ന്നു. 'രണ്ടും ശരിയാണെന്ന് പറയാം' എന്നായിരുന്നു ട്രംപിന്റെ മറുപടി.