-->
മോസ്കോ : യുദ്ധം ആഗോള ഊർജ്ജ വിപണികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തെ സ്ഥിതി ആഗോള വിതരണത്തെ തടസ്സപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും പ്രതിസന്ധി എണ്ണവില കുത്തനെ ഉയർത്തുകയും വിശാലമായ സാമ്പത്തിക താൽപര്യത്തിന് ഭീഷണിയാകുകയും ചെയ്തിട്ടുണ്ടെന്നും റഷ്യയിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ ടെലിവിഷൻ കൂടിക്കാഴ്ചയിൽ പുടിൻ വ്യക്തമാക്കി.
എണ്ണവില ഒരു ദിവസം മുമ്പ് ബാരലിന് 100 ഡോളർ കടന്ന് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഈ കുതിച്ചുചാട്ടം. പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള ഊർജ്ജ വിപണികളിൽ ഗുരുതരമായ തടസ്സങ്ങൾക്ക് കാരണമാകുമെന്ന് റഷ്യ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പുടിൻ പറഞ്ഞു.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന എണ്ണ ഉൽപാദനം അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും സംഭരണികൾ എണ്ണ കൊണ്ട് നിറയുകയാണെന്നും പുടിൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിക്കാരായ റഷ്യയ്ക്ക് നിലവിലെ വിപണി സാഹചര്യങ്ങളുടെ നേട്ടം കൈവരിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.