-->
ദോഹ: മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യം ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ 25 ശതമാനവും സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന മേഖലകളെയും സിവിലിയന്‍ സൗകര്യങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇറാന്റെ ആക്രമണങ്ങള്‍ സൈനിക താവളങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന വാദത്തെ പ്രധാനമന്ത്രി തള്ളി. അടിസ്‌ഥാന സൗകര്യങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ആക്രമിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഗള്‍ഫ് മേഖലയിലുണ്ടാകുന്ന ഏത് തടസവും ലോകത്തെ മുഴുവന്‍ ബാധിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ഗ്യാസ് വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്നതും, വളം ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ളതുമായ രാജ്യമാണ് ഖത്തര്‍.
അതിനാല്‍ ഇവിടെയുണ്ടാകുന്ന അസ്‌ഥിരത ആഗോള വിപണിയെയും ഭക്ഷണലഭ്യതയെയും നേരിട്ട് ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം വലിയൊരു കണക്കുകൂട്ടല്‍ പിഴവാണ്. ഇത് സമാധാന ശ്രമങ്ങളെ സാരമായി ബാധിച്ചു.
എങ്കിലും ചര്‍ച്ചകളിലൂടെ മാത്രമെ ഇതിന് പരിഹാരം കാണാന്‍ കഴിയൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ തുടങ്ങിയ യുദ്ധത്തിലേക്ക്, അതില്‍ ഭാഗമാകാന്‍ ആഗ്രഹിക്കാത്ത രാജ്യങ്ങള്‍ പോലും വലിച്ചിഴയ്‌ക്കപ്പെടുകയാണ്. യുദ്ധം ആഗ്രഹിക്കാത്ത രാജ്യങ്ങള്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കേണ്ടി വരുന്ന അപകടകരമായ അവസ്‌ഥയാണിതെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഷഫീക്ക് അറയ്‌ക്കല്‍