-->
ടെഹ്‌റാന്‍: യു.എസ്-ഇസ്രയേല്‍ സംയുക്‌താക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്‌തബ ഖമനേയി(56)യെ ഇറാന്റെ പരമോന്നതനേതാവായി തെരഞ്ഞെടുത്തു.
ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കായശേഷമുള്ള 47 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജ്യത്തെ നയിക്കാന്‍ മൊജ്‌തബ നിയോഗിക്കപ്പെടുന്നത്. പുതിയ പരമോന്നതനേതാവായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും വധിക്കുമെന്നാണ് യു.എസിന്റെയും ഇസ്രയേലിന്റെയും ഭീഷണി.
അലി ഖമനേയി വധിക്കപ്പെട്ട ആക്രമണത്തില്‍ മൊജ്‌തബയുടെ ഭാര്യ സാറ ഹദ്ദാദ് ആദെലും കൊല്ലപ്പെട്ടിരുന്നു. മൊജ്‌താബയുടെ മാതാവും മറ്റൊരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ട്. മൊജ്‌തബയുടെ കുടുംബത്തിലെ എട്ടുപേരാണ് ഇതിനകം യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ടത്. അലി ഖമനേയിക്കു മൊജ്‌തബ ഉള്‍പ്പെടെ നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. അലി ഖമനേയിയുടെ കൊച്ചുമക്കളും കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
പരമോന്നതനേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട പണ്ഡിതസഭയാണ് കഴിഞ്ഞ ഞായറാഴ്‌ച രാത്രി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ പരമോന്നതനേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലസ്‌ഥാനമായ ടെഹ്‌റാനിലെ ഇന്‍ക്വിലാബ് ചത്വരത്തില്‍ ആയിരക്കണക്കിനുപേര്‍ ഒത്തുകൂടി. അതേസമയം, പൊതുവേദികളില്‍ ഇന്നേവരെ പ്രത്യക്ഷപ്പെടുകയോ ഏതെങ്കിലും സര്‍ക്കാര്‍ പദവി വഹിക്കുകയോ ചെയ്‌തിട്ടില്ലാത്ത മൊജ്‌തബയുടെ സ്‌ഥാനലബ്‌ധിക്കെതിരേ ഇറാനില്‍ പ്രതിഷേധവും ശക്‌തമാണ്.
പരമോന്നതനേതാവിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാന്‍, ഇസ്‌ഫഹാന്‍, ദക്ഷിണ ഇറാന്‍ എന്നിവിടങ്ങളില്‍ ആക്രമണം ശക്‌തമാക്കിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇന്‍ക്വിലാബ് ചത്വരത്തില്‍ മൊജ്‌തബയുടെ ചിത്രങ്ങളുമായി ഒത്തുകൂടിയ ജനക്കൂട്ടത്തിനു മുകളിലും പോര്‍വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
ഇറാന്റെ പുതിയ പരമോന്നതനേതാവ് ആയത്തുള്ള മൊജ്‌തബ അലി ഖമനേയിക്കു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പിന്തുണ പ്രഖ്യാപിച്ചു. റഷ്യ എന്നും ഇറാന്റെ വിശ്വസ്‌തപങ്കാളിയായിരുന്നെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും മൊജ്‌തബയ്‌ക്കയച്ച സന്ദേശത്തില്‍ പുടിന്‍ വ്യക്‌തമാക്കി. മൊജ്‌തബയെ ആയത്തുള്ള അി ഖമനേയിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത് ഇറാന്റെ ആഭ്യന്തര വിഷയമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇതരരാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ശക്‌തമായി എതിര്‍ക്കുന്നതായി ചൈനീസ് വിദേശകാര്യവക്‌താവ് ഗെ്വാ ജിയാകുന്‍ പറഞ്ഞു. ഓരോ രാഷ്‌ട്രത്തിന്റെയും ആഭ്യന്തരകാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണം. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ മാനിക്കണം. ഭരണഘടനാനുസൃതമായാണ് മൊജ്‌തബയുടെ തെരഞ്ഞെടുപ്പെന്നും ജിയാകുന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അലി ഖമനേയിയുടെ മകനെ ഇറാനിലെ പരമോന്നതനേതാവായി അംഗീകരിക്കില്ലെന്നും രാജ്യത്ത് സമാധാനവും സാഹോദര്യവും കൊണ്ടുവരാന്‍ കഴിയുന്നയാളാണ് നേതാവാകേണ്ടതെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്‌തമാക്കി. അമേരിക്കയുടെ അംഗീകാരമില്ലെങ്കില്‍ മൊജ്‌തബയുടെ നാളുകള്‍ എണ്ണപ്പെട്ടതായും ട്രംപ് ഭീഷണി മുഴക്കി. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണമെന്നായിരുന്നു 'ടൈംസ് ഇസ്രയേലി'നു നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. ഇറാന്റെ പുതിയ പരമോന്നതനേതാവായി ആരെ തെരഞ്ഞെടുത്താലും വധിക്കുമെന്ന് ഇസ്രയേല്‍ നേരത്തേ താക്കീത് നല്‍കിയിരുന്നു. പുതിയ പരമോന്നതനേതാവിനെ പിന്തുണച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സും ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്‌ബുള്ള ഗ്രൂപ്പും പ്രസ്‌താവനയിറക്കി.