Tuesday, March 10, 2026 Last Updated 30 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

യു.എസും ഞെട്ടി ,ഇസ്രയേലിന്റെ കടുംകൈ

uploads/news/2026/03/829280/int1.jpg

വാഷിങ്‌ടണ്‍: പശ്‌ചിമേഷ്യന്‍ യുദ്ധം പത്താം ദിവസത്തിലേക്ക്‌ കടക്കുമ്പോള്‍ ഇറാന്റെ എണ്ണ അടിസ്‌ഥാന സൗകര്യങ്ങള്‍ക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ വന്‍തോതിലുള്ള വ്യോമാക്രമണത്തില്‍ അതൃപ്‌തി പരസ്യമാക്കി അമേരിക്ക. ആക്രമണത്തിന്റെ വ്യാപ്‌തി കണ്ട്‌ ഞെട്ടിയ യു.എസ്‌. ഭരണകൂടം 'എന്തിനായിരുന്നു ഇത്ര വലിയ സാഹസം?' എന്ന കര്‍ക്കശമായ സന്ദേശമാണ്‌ ഇസ്രയേലിന്‌ കൈമാറിയതെന്ന്‌ ആക്‌സിയോസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇക്കഴിഞ്ഞ 28-ന്‌ യുദ്ധം ആരംഭിച്ച ശേഷം ഇരു സഖ്യകക്ഷികളും തമ്മിലുണ്ടാകുന്ന ആദ്യത്തെ പ്രധാന അഭിപ്രായഭിന്നതയാണിത്‌.
ശനിയാഴ്‌ച ടെഹ്‌റാനിലെ മുപ്പതോളം എണ്ണ സംഭരണശാലകള്‍ക്ക്‌ നേരെയാണ്‌ ഇസ്രയേല്‍ ആക്രമണം നടത്തിയത്‌. ആക്രമണത്തിന്‌ മുമ്പ്‌ ഇസ്രയേല്‍ സൈന്യം യു.എസിനെ വിവരമറിയിച്ചിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുള്ള നാശനഷ്‌ടങ്ങള്‍ വാഷിങ്‌ടണ്‍ പ്രതീക്ഷിച്ചിരുന്നില്ല.
എണ്ണ സംഭരണശാലകള്‍ കത്തിയെരിയുന്നത്‌ രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമാകുമെന്നും ഇത്‌ ഇറാന്റെ ഭരണകൂടത്തിന്‌ അനുകൂലമായ പൊതുവികാരം രാജ്യത്തുണ്ടാക്കുമെന്നും യു.എസ്‌. ഭയപ്പെടുന്നു. 'ഇതൊരു നല്ല ആശയമാണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല' എന്ന്‌ ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു.
അതേസമയം മൂന്നര വര്‍ഷത്തിനു ശേഷം ആദ്യമായി രാജ്യാന്തര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 100 ഡോളര്‍ കടന്നതിനെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നിസാരവല്‍ക്കരിച്ചു.
ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടി നല്‍കേണ്ട ചെറിയൊരു വില മാത്രമാണിതെന്ന്‌ അദ്ദേഹം തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത്‌ സോഷ്യലില്‍' കുറിച്ചു. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാകുന്നതോടെ വില വേഗത്തില്‍ താഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ എണ്ണ സൗകര്യങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നത്‌ തുടര്‍ന്നാല്‍ മേഖലയിലെ ഇന്ധന വിതരണം തടസപ്പെടുത്തുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി. ലോക വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 200 ഡോളര്‍ വരെ ഉയര്‍ത്താന്‍ തങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ ഐ.ആര്‍.ജി.സി വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള യു.എസ്‌, ഇസ്രയേല്‍ കപ്പലുകളുടെ ഗതാഗതം ഇറാന്‍ തടഞ്ഞിരിക്കുകയാണ്‌.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW