-->
നടി, സംവിധായിക എന്നീ നിലകളിലൊക്കെ ഏറെ പ്രശസ്തയാണ് സുഹാസിനി മണിരത്നം. മലയാളികൾ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ സ്നേഹവായ്പയോടെ ചേർത്തുവയ്ക്കുന്ന നടി കൂടിയാണ് സുഹാസിനി. ഒരേ സമയം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ ഒരുപോലെ തിളങ്ങി നിന്ന താരം 80കളിലും 90 കളിലും നിരവധി ഹിറ്റ് സിനിമകളിൽ നായികയായിരുന്നു. ഇന്നും അവതാരകയായും വെബ് സീരീസില്‍ അഭിനേത്രിയായുമൊക്കെ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നുണ്ട്.
എന്നും പുതിയ അറിവുകള്‍ നേടാനുള്ള ഒരു മനസ്സ് കൂടിയുണ്ട് താരത്തിന്. ഡിജിറ്റൽ ആർട്ട്, കാലിഗ്രാഫി, പെർഫ്യൂം നിർമ്മാണം എന്നിവയൊക്കെ സുഹാസിനി അടുത്തിടെയാണ് പഠിച്ചു തുടങ്ങിയത്. താന്‍ വീണ്ടും ഭരതനാട്യം പഠിക്കാന്‍ ആരംഭിച്ചെന്നും പഠിക്കാൻ തയ്യാറാണെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യമതാണെന്നും സുഹാസിനി പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരം താന്‍ വരച്ച ഡിജിറ്റല്‍ പെയിന്റിംഗില്‍ പലതും അതിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ താന്‍ വരച്ച ശോഭനയുടെ ഛായാചിത്രം പങ്കിടുകയാണ് സുഹാസിനി മണിരത്നം. നൃത്തം ചെയ്യുന്ന ശോഭനയെയാണ് സുഹാസിനി വരച്ചിരിക്കുന്നത്. ‘‘ഇതാ അവൾ... എന്റെ പ്രിയപ്പെട്ട ശോഭന. നിന്റെ ഗ്രേസ്, കഴിവ്, സൗന്ദര്യം, പ്രത്യേകിച്ച് നിന്റെ ഹൃദയം എല്ലാത്തിനെയും സ്നേഹിക്കുന്നു...’’ എന്ന് കുറിച്ചാണ് സുഹാസിനി ചിത്രം പങ്കിട്ടിരിക്കുന്നത്.
സഹതാരങ്ങളടക്കം നിരവധി പേരാണ് സുഹാസിനിയുടെ വരയ്ക്കാനുള്ള കഴിവിനെ പ്രശംസിച്ച് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ‘വളരെ സുന്ദരം...’ എന്നാണ് ഖുശ്ബു നല്‍കിയിരിക്കുന്ന കമന്റ്. ‘മുഖത്തെ വിയര്‍പ്പുകണങ്ങള്‍ അടക്കമുള്ള ഡീറ്റെയിലിംഗ് വളരെ ഗംഭീരം, അത്ഭുതകരമായ ചിത്രീകരണം മാഡം.. കൈകളുടെയും മുഖഭാവങ്ങളുടെയും വെള്ളതുള്ളികളുടെയും വളരെ മനോഹരമായ വിശദാംശങ്ങൾ..., ശോഭ മാഡത്തിന്റെ വളരെ മനോഹരമായ ഒരു രേഖാചിത്രം. വിശദാംശങ്ങൾ അവിശ്വസനീയമാണ്...ഡിജിറ്റൽ ആർട്ടിൽ താങ്കള്‍ക്ക് നല്ല പരിചയമുണ്ടെന്ന് വ്യക്തമാണ്. മാഡം, ഒരു പ്രൊഫഷണൽ പോലെയാണ് നിങ്ങൾ അത് ചെയ്തത്...’ എന്നതടക്കമാണ് കമന്റുകള്‍.
ആദ്യ ദിവസം ഒരു ഔട്ട്ലൈന്‍ മാത്രം പങ്കിട്ട് ഇത് ആരാണെന്ന് പറയാമോ എന്ന് സുഹാസിനി ആരാധകരോട് ചോദിച്ചിരുന്നു. ‘‘പതുക്കെ രൂപം കൊള്ളുന്നു. നിങ്ങൾക്ക് അവളെ വ്യക്തമായി കാണാൻ കഴിയും...അടുത്ത പോസ്റ്റിൽ പൂർത്തിയാക്കിയ ചിത്രം. നിങ്ങളിൽ പലരും അവളുടെ പേര് ശരിയായി പറഞ്ഞു....’ എന്നായിരുന്നു സുഹാസിനി അതിന് നല്‍കിയ ക്യാപ്ഷന്‍. പലരും ശോഭനയെന്ന് കമന്റുകളില്‍ കുറിക്കുകയും ചെയ്തിരുന്നു.