Wednesday, March 11, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

കെ.എസ്‌.ആര്‍.ടി.സി: വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ സുപ്രീം കോടതി മേല്‍നോട്ടം

കൊച്ചി: കെ.എസ്‌.ആര്‍.ടി.സിയില്‍ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ മേല്‍നോട്ടം വഹിക്കുമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. സീനിയോറിറ്റി ഉള്‍പ്പെടെ പാലിക്കുന്നുണ്ടോ എന്ന വിഷയത്തിലാണു കോടതി മേല്‍നോട്ടം വഹിക്കുന്നത്‌.
നഷ്‌ടം സഹിച്ചും കെ.എസ്‌.ആര്‍.ടി.സി. എന്തിനു പ്രവര്‍ത്തിക്കുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. 2024 ല്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായി വിരമിച്ച പ്രദീപ്‌ ഡി. നായര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം.
41,355 പെന്‍ഷന്‍കാരാണു തങ്ങള്‍ക്കുള്ളതെന്നാണു കെ.എസ്‌.ആര്‍.ടി.സി. വാദിച്ചത്‌. 16,000 കോടിയുടെ ബാധ്യതയ്‌ക്കു പുറമേ പ്രതിവര്‍ഷം 1500 കോടിയുടെ നഷ്‌ടമുണ്ട്‌.
ഈ സഹചര്യത്തിലാണു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്‌ചയുണ്ടാകുന്നതെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ വാദം. എന്നാല്‍, വിതരണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതില്‍ മേല്‍നോട്ടം വഹിക്കുമെന്നു ജസ്‌റ്റിസ്‌മാരായ ദിപാങ്കര്‍ ദത്ത, സതീഷ്‌ ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച്‌ അറിയിച്ചു. പ്രദീപ്‌ ഡി.നായര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണു കെ.എസ്‌.ആര്‍.ടി.സി. സുപ്രീം കോടതിയെ സമീപിച്ചത്‌.
നഷ്‌ടത്തിലാണെന്ന കാരണത്താല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന കെ.എസ്‌.ആര്‍.ടി.സിയുടെ വാദത്തോടു സുപ്രീം കോടതി വിയോജിച്ചു. നഷ്‌ടം സഹിച്ചു കെ.എസ്‌.ആര്‍.ടി.സി. എന്തിനു പ്രവര്‍ത്തിക്കുന്നുവെന്നു കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്‌ഥാപനം നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതേ മേഖലയിലുള്ള സ്വകാര്യ സ്‌ഥാപനങ്ങള്‍ ലാഭത്തില്‍ അല്ലേയെന്നു സുപ്രീം കോടതി ചോദിച്ചു.
സാമൂഹിക പ്രതിബന്ധത ഉള്‍പ്പടെ പാലിക്കുന്നത്‌ കൊണ്ടാണ്‌ നഷ്‌ടം ഉണ്ടാകുന്നതെന്നു കെ.എസ്‌.ആര്‍.ടി.സി. ചൂണ്ടിക്കാട്ടി. കെ.എസ്‌.ആര്‍.ടി.സി. ഉന്നയിക്കുന്ന വിഷയങ്ങള്‍ തങ്ങള്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാല്‍, അതിനുമുന്‍പായി പ്രദീപ്‌ ഡി. നായര്‍ക്ക്‌ പെന്‍ഷന്‍ അനുകൂല്യത്തിന്റെ ഭാഗമായ രണ്ടു ലക്ഷം രൂപ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതിനുശേഷം ഹര്‍ജിയില്‍ നോട്ടീസ്‌ അയക്കാമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW