Wednesday, March 11, 2026 Last Updated 46 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

മൂന്ന്‌ ഇറാന്‍ കപ്പലുകള്‍ക്ക്‌ നങ്കൂരമിടാന്‍ അനുമതി നല്‍കി: കേന്ദ്രമന്ത്രി ജയ്‌ശങ്കര്‍

ന്യൂഡല്‍ഹി: പശ്‌ചിമേഷ്യ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഇറാന്റെ അഭ്യര്‍ഥന മാനിച്ച്‌ അവരുടെ മൂന്നു കപ്പലുകള്‍ക്ക്‌ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയതായി വിദേശകാര്യമന്ത്രി എസ്‌. ജയ്‌ശങ്കര്‍. ഇന്ത്യന്‍ മഹാസമുദ്രമേഖല സംഘര്‍ഷ മുനമ്പിലായ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊളംബോ തീരത്തിനു സമീപം യു.എസ്‌. ആക്രമണത്തില്‍ തങ്ങളുടെ യുദ്ധക്കപ്പല്‍ മുങ്ങിയതിനു പിന്നാലെയാണ്‌ ഇറാന്‍ സഹായംതേടിയത്‌. മേഖലയിലുള്ള മൂന്നു കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ അനുവദിക്കണമെന്ന്‌ കഴിഞ്ഞ 28 ന്‌ ഇറാന്‍ അഭ്യര്‍ഥിച്ചു. പിറ്റേന്നുതന്നെ അതിന്‌ അനുമതി നല്‍കി. ഐ.ആര്‍.ഐ.എസ്‌. ലവാന്‍ കഴിഞ്ഞ നാലിന്‌ കൊച്ചിയില്‍ നങ്കൂരമിട്ടു. ഈ കപ്പലിലെ നാവികര്‍ ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ സുരക്ഷിതരാണ്‌. ഈ മാനുഷികമായ പ്രവൃത്തിക്ക്‌ ഇറാന്‍ വിദേശകാര്യമന്ത്രി നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു-ജയ്‌ശങ്കര്‍ പറഞ്ഞു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര മാര്‍ഗങ്ങളുമാണ്‌ ഏകപോംവഴിയെന്ന്‌ രാജ്യസഭയില്‍ ജയ്‌ശങ്കര്‍ പറഞ്ഞു.
പശ്‌ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ ഇതരരാജ്യങ്ങളെപ്പോലെ ഇന്ത്യക്കും ആശങ്കയുണ്ട്‌. രാജ്യാന്തര വിതരണ ശൃംഖലയെ യുദ്ധം ബാധിച്ചിട്ടുണ്ട്‌. സമ്പദ്‌രംഗത്തെ തളര്‍ത്താന്‍ ഇതു വഴിവച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്‌ക്കും പൗരന്മാരുടെ താല്‍പ്പര്യത്തിനുമാണു മുന്‍തൂക്കം നല്‍കുന്നതെന്നു ജയ്‌ശങ്കര്‍ രാജ്യസഭയില്‍ ആവര്‍ത്തിച്ചു. ഇറാനിലും ഇസ്രയേലിലും ഉള്‍പ്പെടെ ഒരുകോടിയോളം ഇന്ത്യക്കാര്‍ സംഘര്‍ഷമേഖലയിലുണ്ട്‌. ഇതുവരെ 67,000 പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിച്ചു- ജയ്‌ശങ്കര്‍ പറഞ്ഞു.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW