Wednesday, March 11, 2026 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.34 PM

'ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരെ സംശയിക്കാന്‍ ധൈര്യപ്പെടരുത്‌' , ബംഗാള്‍ സര്‍ക്കാരിനു മുന്നറിയിപ്പുമായി സുപ്രീം കോടതി

uploads/news/2026/03/829469/in1.jpg

ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളിലെ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണ(എസ്‌.ഐ.ആര്‍)ത്തില്‍ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌.ഐ.ആറിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ച ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരെ സംശയിക്കരുതെന്ന്‌ ബംഗാള്‍ സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും ഹര്‍ജിക്കാര്‍ക്കും കോടതി മുന്നറിയിപ്പ്‌ നല്‍കി.
വോട്ടര്‍ പട്ടികയില്‍നിന്നു പേര്‌ നീക്കം ചെയ്യപ്പെട്ടവരുടെ അപ്പീലുകള്‍ പരിശോധിക്കാന്‍ കോടതി നിയോഗിച്ച ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥര്‍ ഇതിനകം തന്നെ അധികസമയം ജോലി ചെയ്യുകയാണെന്നും അവരെ അവഹേളിക്കരുതെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.
'ജുഡീഷ്യല്‍ ഓഫീസര്‍മാരെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടരുത്‌. അവരില്‍നിന്ന്‌ ഇനിയെന്ത്‌ ത്യാഗമാണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌? ബംഗാളിലെ വോട്ടര്‍മാരുടെ കേസുകള്‍ കേള്‍ക്കാന്‍ അവര്‍ അധികസമയം ജോലി ചെയ്യുകയാണ്‌. ഇത്‌ അംഗീകരിക്കാനാകില്ല.'- ഹര്‍ജിക്കാരെ വിമര്‍ശിച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുമായി ബന്ധപ്പെട്ട്‌ കല്‍ക്കട്ട ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ കോടതി നിര്‍ദേശിച്ചു.
ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌തുകൊണ്ടുള്ള പുതിയ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച ചീഫ്‌ ജസ്‌റ്റിസ്‌, അവരുടെ തീരുമാനങ്ങള്‍ മാനിക്കപ്പെടണമെന്നും വ്യക്‌തമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക്‌ ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനോടും ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.
വാദത്തിനിടെ, ഇരുവിഭാഗത്തിന്റെയും പെരുമാറ്റത്തില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ആശങ്ക രേഖപ്പെടുത്തി. രണ്ടുപക്ഷത്തിന്റെയും ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നു പറഞ്ഞ ചീഫ്‌ ജസ്‌റ്റിസ്‌, ജുഡീഷ്യല്‍ ഓഫീസര്‍മാരെ ചോദ്യം ചെയ്‌തുകൊണ്ട്‌ പുതിയ ഹര്‍ജി നല്‍കിയത്‌ ആരാണെന്ന്‌ വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ അത്തരമൊരു പുതിയ ഹര്‍ജിയെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നു മറ്റുഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പിയും അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജിയും അറിയിച്ചതിനു പിന്നാലെയാണ്‌ കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
പശ്‌ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍നിന്നുള്ള ഒഴിവാക്കലുകള്‍ക്കെതിരേയുള്ള അപ്പീലുകള്‍ കേള്‍ക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസുമാരും ജഡ്‌ജിമാരും അടങ്ങുന്ന 'അപ്പലേറ്റ്‌ ട്രിബ്യൂണല്‍' രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അപേക്ഷ തള്ളിയാല്‍ വോട്ടര്‍മാര്‍ക്ക്‌ ഈ ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്‌.

Ads by Google
Tuesday 10 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW